NEWSROOM

ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി; 13 മരണം

ബോട്ടപകടത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ബൊലോൺ-സുർ-മെർ മത്സ്യബന്ധന തുറമുഖത്ത് പ്രഥമശുശ്രൂഷ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്


ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപെട്ട് 13 പേർ മരിച്ചു. ഇംഗ്ലണ്ടിലേക്ക് കുടിയേറാൻ ശ്രമിച്ച അമ്പതിലധികം പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഫ്രാൻസിൻ്റെ വടക്കൻ തീരത്ത് ഗ്രിസ്-നെസ് പോയിൻ്റിന് സമീപമാണ് അപകടം. കാണാതായ രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണെന്നും നിരവധി പേരെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതായും ഫ്രഞ്ച് നാവിക അധികൃതർ അറിയിച്ചു.

ബോട്ടപകടത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ബൊലോൺ-സുർ-മെർ മത്സ്യബന്ധന തുറമുഖത്ത് പ്രഥമശുശ്രൂഷ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. തെരച്ചിലിനായി മൂന്ന് ഹെലികോപ്റ്ററുകളും ഒരു നാവികസേനാ കപ്പലും വിന്യസിച്ചു. കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഈ വർഷം യു.കെയിലേക്ക് കടക്കാൻ ശ്രമിച്ച 30 കുടിയേറ്റക്കാരെങ്കിലും മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 2,109 കുടിയേറ്റക്കാരെങ്കിലും ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചതായി യു.കെ ഹോം ഓഫീസ് ഡാറ്റ വെളിപ്പെടുത്തുന്നു.

യൂറോപ്പിലെ വർദ്ധിച്ചുവരുന്ന കർശനമായ അഭയാർഥി നിയമങ്ങളും, വിദേശീയരോടുള്ള വിദ്വേഷവും, കുടിയേറ്റക്കാരോടുള്ള ശത്രുതാപരമായ പെരുമാറ്റവും ആളുകളെ പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായാണ് വിവിധ സർവേ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

SCROLL FOR NEXT