NEWSROOM

ഒഴുകി നടന്ന ബോട്ടിൽ നിന്ന് ദുർഗന്ധം, കണ്ടെത്തിയത് 30 അഴുകിയ മൃതദേഹങ്ങൾ

മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

തീരത്തേയ്ക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള 30 ലേറെ മൃതദേഹങ്ങൾ. സെനഗലിന്‍റെ തലസ്ഥാനമായ ഡാക്കറിൻ്റെ തീരക്കടലിലാണ് അഴുകിയ മൃതദേഹങ്ങളുമായി ബോട്ട് ഒഴുകി നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഡാക്കറിൽ നിന്ന് 70 കിലോമീറ്റർ അകലെ മത്സ്യത്തൊഴിലാളികളാണ് ബോട്ട് കണ്ടെത്തിയത്. തുടർന്ന് മരം കൊണ്ട് നിർമ്മിച്ച ബോട്ട് നാവിക സേന തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നു. ജീർണിച്ച 30ലധികം മൃതദേഹങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവ ജീർണിച്ച് വികൃതമായതിനാൽ തിരിച്ചറിയുക ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. ബോട്ട് എവിടെ നിന്ന് എവിടേക്കാണ് പുറപ്പെട്ടതെന്നും ബോട്ടിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.


അടുത്ത കാലത്ത് സെനഗലിൽ നിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. തൊഴിൽ ഇല്ലായ്മ, ദാരിദ്ര്യം, ആഭ്യന്തര സംഘർഷം എന്നിവയാണ് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്. സമുദ്രത്തിലൂടെയുള്ള കുടിയേറ്റത്തിനിടെ  പൗരന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം സെനഗലുകാരുടേതെന്ന് സംശയിക്കപ്പെടുന്ന 15 മൃതദേഹങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ തീരത്ത് അടിഞ്ഞിരുന്നു.

SCROLL FOR NEXT