NEWSROOM

ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് പിണറായി സർക്കാരിൻ്റെ സ്ത്രീപക്ഷ സമീപനത്തിന് തെളിവ്, നടിക്ക് പൂർണ പിന്തുണ: സുഭാഷിണി അലി

സിനിമാരംഗത്ത് സ്ത്രീകൾ ടെലിഫോണിലൂടെയും സൈബർ ഇടങ്ങളിലും ഇത്തരം പീഡനങ്ങൾ നേരിടുന്നുവെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് പിണറായി സർക്കാരിൻ്റെ സ്ത്രീപക്ഷ സമീപനത്തിന് തെളിവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷണി അലി. വിഷയത്തിൽ നടിക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും സുഭാഷിണി അലി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. സിനിമാരംഗത്ത് സ്ത്രീകൾ ടെലിഫോണിലൂടെയും സൈബർ ഇടങ്ങളിലും ഇത്തരം പീഡനങ്ങൾ നേരിടുന്നുവെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതിന് പിന്നാലെ ഹണി റോസും സർക്കാരിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. സന്തോഷവും ആശ്വാസവും തോന്നുന്ന നിമിഷമാണിതെന്നും, നിയമത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഹണി റോസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പിന്തുണ ഉറപ്പ് നൽകി. നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

ലൈംഗിക അധിക്ഷേപ കേസിൽ ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭാരതീയ ന്യായ സംഹിതയിലെ ഐ.ടി ആക്ട് 67 ((ഇലക്ട്രോണിക് മീഡിയ വഴി അശ്ലീല പ്രചരണം), 75 (4) (സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ ലൈംഗിക അധിക്ഷേപം) എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ബോബിയുടെ ഫോൺ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ബോബി നടത്തിയ സമാനമായ മറ്റ് പരാമർശങ്ങളുടെ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചു.

SCROLL FOR NEXT