NEWSROOM

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍

സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ, ഹണി റോസ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. 

നാല് മാസം മുമ്പ്ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരില്‍ നിന്ന് അശ്ലീല പരാമര്‍ശമുണ്ടായെന്നും, പലതവണ ഇത് ആവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നല്‍കിയത്.

പല ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ബോബിയുടെ പരാമര്‍ശത്തിലെ അശ്ലീലം ആഘോഷിക്കപ്പെട്ടു. ബോബി ചെമ്മണ്ണൂര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗീക ധ്വനിയുള്ള പരാമര്‍ശം നടത്തി. ബോബിയുടെ പരാമര്‍ശം പല ആളുകള്‍ക്കും അശ്ലീല അസഭ്യ കമന്റുകള്‍ ഇടാന്‍ ഊര്‍ജമായതായും ഹണി റോസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT