NEWSROOM

കോടതി ഇടപെട്ടു; തിരക്കിട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ തുടര്‍ന്ന് ഹൈക്കോടതി ഇന്ന് വീണ്ടും വിഷയത്തില്‍ ഇടപെട്ടിരുന്നു.

Author : ന്യൂസ് ഡെസ്ക്

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ തയ്യാറായിരുന്നില്ല. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങാതെ ജയില്‍ നാടകം കളിച്ചത് മാധ്യമ ശ്രദ്ധയ്ക്കു വേണ്ടിയാണെന്നാണ് കരുതുന്നത്. ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ തുടര്‍ന്ന് ഹൈക്കോടതി ഇന്ന് വീണ്ടും വിഷയത്തില്‍ ഇടപെട്ടിരുന്നു. അസാധാരണ നടപടിയാണ് വിഷയത്തില്‍ കോടതിയുടെ ഭാഗത്തു നിന്ന് ഇന്നുണ്ടായത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് സ്വമേധയായുള്ള നടപടി.

കോടതി ഇടപെട്ടതിനു പിന്നാലെ, ബോബിയുടെ അനുയായികള്‍ അതിവേഗം പുറത്തിറക്കാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു. ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ബോബി ജയിലിന് പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെ അനുയായികള്‍ക്കൊപ്പം സ്ഥലത്തു നിന്ന് വേഗം മടങ്ങുകയും ചെയ്തു.

ഇന്നലെയാണ് നടി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. പക്ഷേ, ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ജയിലില്‍ നാടകം തുടരുകയായിരുന്നു. ജാമ്യ ബോണ്ട് ഒപ്പിടാനും വിസമ്മതിച്ചു. ജാമ്യ ഉത്തരവുമായി കാക്കനാട് ജില്ലാ ജയിലിലേക്ക് ഇറങ്ങിയ അഭിഭാഷകനോടും സംഘത്തോടും എത്തേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിക്കുകയായിരുന്നു.

ഉപാധികളോടെയാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്. ഭാവിയില്‍ മോശം പ്രയോഗങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതിഭാഗത്തിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ബോബി ചെമ്മണ്ണൂരിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ജാമ്യം നല്‍കിയത്.

SCROLL FOR NEXT