മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റയിൽ മീൻ വളർത്തുന്ന ജലസംഭരണിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെതാണ് മൃതദേഹം. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമുള്ള വീട്ടിലെ ജല സംഭരണിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വീടിൻ്റെ അയൽവീട്ടിൽ ജോലി ചെയ്യുന്നയാളാണ് ഫാത്തിമ.
വിദേശത്തു താമസിക്കുന്ന വി.കെ. അഷ്റഫിൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ ജല സംഭരണിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉള്ളൂ. രാവിലെ അതിഥി തൊഴിലാളികൾ മീനുകൾക്ക് തീറ്റ കൊടുക്കാനെത്തിയപ്പോഴാണ് ജല സംഭരണിയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് ഫയർഫോഴ്സ് സംഘത്തിൻ്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. തുടർന്നാണ് അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞത്.
സംഭവദിവസം രാവിലെ ലൗ ബേർഡ്സിന് തീറ്റ കൊടുക്കാനായി വീട്ടിൽ നിന്ന് പോയതാണ് ഫാത്തിമയെന്ന് ബന്ധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ വീട്ടിൽ മകനും മകളും മാത്രമാണ് ഉള്ളത്. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ, അതിഥി തൊഴിലാളികൾ എന്നിവരിൽ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.