പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് ഗിരീഷ് ബി. പിള്ളയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊല്ലം കുണ്ടറയിലെ വീട്ടിൽ വൈകിട്ടോടെയാണ് മൃതദേഹം എത്തിക്കുക. വ്യോമസേനയിലെ പൈലറ്റായി വിരമിച്ചയാളാണ് ഗിരീഷ് പിള്ള.
ഇന്നലെ പുലർച്ചെ പൂനെയിലെ ബവ്ധാനിലുണ്ടായ അപകടത്തിൽ മലയാളി പൈലറ്റുൾപ്പെടെ രണ്ടുപേരാണ് മരിച്ചത്. ഓക്സ്ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ ഇന്നലെ പുലർച്ചെ 6.45 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്ററാണ് തകർന്നത്.
പ്രദേശത്തുണ്ടായിരുന്ന മൂടൽമഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എംപിയും എൻസിപി നേതാവുമായ സുനിൽ തത്കരെയ്ക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.