NEWSROOM

സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് തന്നെ; സ്റ്റാര്‍ലൈനര്‍ തനിയെ മടങ്ങുന്നു

പേടകത്തിന്‍റെ സഞ്ചാരികളില്ലാതെ ഓട്ടോണോമസ് മോഡിലുള്ള തിരിച്ചുവരവ് സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. അണ്‍ഡോക്ക് ചെയ്ത് ആറ് മണിക്കൂറിനുള്ളില്‍ പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്യും.

Author : ന്യൂസ് ഡെസ്ക്

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് പുറപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെയാണ് സെപ്റ്റംബര്‍ ആറിന് ഓട്ടോണോമസ് മോഡിലുള്ള പേടകം ഭൂമയിലേക്ക് മടങ്ങുന്നത്. അണ്‍ഡോക്ക് ചെയ്ത് ആറ് മണിക്കൂറിനുള്ളില്‍ പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്യും.

പേടകത്തിന്‍റെ സാങ്കേതിക തകരാറുമൂലം സഞ്ചാരികളുമായുള്ള മടങ്ങിവരവ് അസാധ്യമായതോടെയാണ് സ്റ്റാര്‍ലൈനര്‍ തനിയെ ഭൂമിയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനത്തിലെത്തിയത്.  യാത്രികരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സ്റ്റാർലൈനറിനെ മാത്രം തിരികെ എത്തിക്കാന്‍ നാസയും ബോയിങ് ഉദ്യോഗസ്ഥരും ഏകകണ്ഠമായി തീരുമാനിച്ചത്. ചലഞ്ചര്‍ ,കൊളംബിയ സ്പേസ് ഷട്ടില്‍ എന്നീ പേടകങ്ങള്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നാസ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിലവില്‍ സുരക്ഷിതരാണെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് പുറപ്പെട്ട സംഘം ആറ് മുതല്‍ ബഹിരാകാശ നിലയത്തിലാണ് കഴിയുന്നത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ പ്രൊപ്പല്‍ഷന്‍ പ്രശ്നങ്ങള്‍ മൂലം ഇവരുടെ മടങ്ങിവരവ് അനിശ്ചിതമായി നീളുകയായിരുന്നു. 2025 ഫെബ്രുവരിയിലായിരിക്കും  ഇവരെ തിരികെ ഭൂമിയിലെത്തിക്കാന്‍ സാധിക്കുക.

ബഹിരാകാശ യാത്രികര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് രൂപകല്‍പ്പന ചെയ്ത പേടകമായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍. പേടകത്തിന്‍റെ നിര്‍മാണ ഘട്ടത്തില്‍ സുനിത വില്യംസും പങ്കാളിയായിരുന്നു. പരമാവധി ഏഴു പേരെ ഉള്‍ക്കൊള്ളും വിധമാണ് രൂപകല്‍പ്പന.

സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം രണ്ടു തവണയാണ് മാറ്റി വെക്കേണ്ടി വന്നത്. ജൂൺ ആദ്യമുണ്ടായ ഹീലിയം ചോർച്ചയും അതിൻ്റെ ഫലമായി പേടകത്തിൻ്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണം ഉപയോഗശൂന്യമായതായും കണ്ടെത്തിയിരുന്നു. ഇതാണ് മടങ്ങി വരവിൽ അനിശ്ചിതത്വം സൃഷ്ടിച്ചതിനുള്ള പ്രധാന കാരണം.

SCROLL FOR NEXT