NEWSROOM

ഗവൺമെൻ്റ് സ്വീകരിച്ചത് ധീരമായ നടപടി, ഹണി റോസിന് പിന്തുണ; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് സ്വാഗതം ചെയ്ത് ആർ.ബിന്ദുവും ചിന്താ ജെറോമും

ഹണി റോസ് മാത്രമല്ല, നിരവധി സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നു. സാംസ്കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതിൽ പ്രതികരണവുമായി നേതാക്കൾ. ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് നല്ല കാര്യമെന്ന് മന്ത്രി. ആർ. ബിന്ദു. ഹണി റോസ് മാത്രമല്ല, നിരവധി സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നു. സാംസ്കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി പ്രതികരിച്ചു.

ഹണി റോസിൻ്റെ പരാതിയിൽ ഗവൺമെൻ്റ് സ്വീകരിച്ചത് ധീരമായ നടപടിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം പ്രതികരിച്ചു. നടിയുടെ നിയമപരമായ പോരാട്ടത്തിന് പൂർണ പിന്തുണ. നിരന്തരമായി ബോബി ചെമ്മണ്ണൂർ ഹണി റോസിനെ അധിക്ഷേപിച്ചു. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നടപടിയാണ് ഇത്. ഏറ്റവുമധികം സൈബർ അക്രമണം നേരിട്ടയാളാണ് താൻ. രാഷ്ട്രീയ എതിരാളികളാണ് ഏറ്റവും കൂടുതൽ സൈബർ അക്രമം നടത്തിയിട്ടുള്ളതെന്നും ചിന്താ ജെറോം പറഞ്ഞു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം ബോബിയെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

SCROLL FOR NEXT