മുന്‍നിര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിനെതിരെ പരാതിയുമായി നിര്‍മാതാവ് വാഷു ഭാഗ്‌നാനി. തന്‍റെ നിര്‍മാണ കമ്പനിയായ പൂജ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ മൂന്ന് സിനിമകളുടെ ഒടിടി അവകാശം നല്‍കിയതുമായി ബന്ധപ്പെട്ട് 47.37 കോടി രൂപ നല്‍കാതെ നെറ്റ്ഫ്ലിക്സ് വഞ്ചിച്ചു എന്നാണ് പരാതി. അതേസമയം, വാഷു ഭാഗ്‌നാനിയുടെ ആരോപണം നെറ്റ്ഫ്ലിക്സ് ഇന്ത്യ നിഷേധിച്ചു.
നിര്‍മാതാവിന്‍റെ പരാതിയില്‍ മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എക്കണോമിക് ഒഫെന്‍സസ് വിങ്ങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹീറോ നമ്പര്‍ 1, മിഷണ്‍ റാണിഗഞ്ച്, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്നീ സിനിമകളുടെ ഒടിടി പ്രദര്‍ശനാവകാശം നല്‍കിയ ഇനത്തില്‍ 47.37 കോടി രൂപ വാഷു ഭാഗ്‌നാനിക്ക് ലഭിക്കാനുണ്ടെന്ന് പരാതിയെ ഉദ്ദരിച്ച് മുംബൈ പൊലീസ് പറഞ്ഞു.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്‍റ് ഇന്‍വെസ്റ്റര്‍മാരായ ലോസ് ഗാറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസ്, സൂ ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്കതെിരായാണ് പൂജ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ പരാതി. അതേസമയം, വാഷു ഭാഗ്‌നാനിയുടെ പരാതി നിഷേധിച്ച നെറ്റ്ഫ്ലിക്സ് തങ്ങൾക്ക് പണം നൽകാനുള്ളത് പൂജാ എൻ്റർടെയ്ൻമെൻ്റാണെന്ന് അവകാശപ്പെടുകയും ചെയ്തു.
നിര്‍മാതാവിന്‍റെ അവകാശവാദങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഇന്ത്യയിലെ ക്രിയേറ്റീവ് കമ്യൂണിറ്റിയുമായുള്ള പങ്കാളിത്തത്തില്‍ ശക്തമായ ട്രാക്ക് റെക്കോര്‍ഡാണ് നെറ്റ്ഫ്ലിക്സിനുള്ളത്. പ്രശ്നം പരിഹരിക്കാന്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.