NEWSROOM

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ സ്‌കൂള്‍ വളപ്പിലുണ്ടെന്ന് സന്ദേശം

സംശയാസ്പദമായ തരത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആറ് സ്കൂളുകൾക്കാണ് മെയിലുകൾ വഴി ഭീഷണി ലഭിച്ചത്. മാരക ശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ സ്‌കൂൾ വളപ്പിലുണ്ടെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. പൊലീസും ഫയർഫോഴ്‌സും സ്‌കൂളിലെത്തി തെരച്ചിൽ ആരംഭിച്ചു. ബോംബ് ഡിറ്റക്ഷൻ ടീമുകളും ഡോഗ് സ്ക്വാഡുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംശയാസ്പദമായ തരത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഈസ്റ്റ് ഓഫ് കൈലാഷിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ, മോഡേൺ സ്‌കൂൾ, കേംബ്രിഡ്ജ് സ്‌കൂൾ എന്നിവയുൾപ്പടെയുള്ള സ്കൂളുകൾക്കാണ് ഭീഷണി. ഇമെയിൽ ലഭിച്ചതോടെ വിദ്യാർഥികളെ സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. കുട്ടികളെ ഇന്ന് സ്കൂളുകളിലേക്ക് അയക്കരുതെന്ന് രക്ഷിതാക്കൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീമുകൾ, ഡോഗ് സ്ക്വാഡുകൾ എന്നിവർ വിവരം ലഭിച്ച ഉടൻതന്നെ സ്‌കൂളിലെത്തി പരിശോധന തുടങ്ങി.


മെയിൽ അയച്ച വ്യക്തിയുടെ ഐപി അഡ്രസ് പൊലീസ് അന്വേഷിക്കുകയാണെന്നും ദൽഹി പൊലീസ് അറിയിച്ചു. കൂടാതെ അയച്ചയാളുടെ ഉദ്ദേശ്യം എന്താണ് എന്നറിയാൻ ഇമെയിലിന് മറുപടി നൽകാനും സ്കൂൾ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 9 നും ഡൽഹിയിലെ 40 ലധികം സ്കൂളുകൾക്ക് സമാനമായ രീതിയിൽ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. പിന്നീട് ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT