സമൂഹ മാധ്യമത്തിലൂടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബോംബ് ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയിലെടുത്തതായി യു പി പൊലീസ് അറിയിച്ചു. ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ അനിരുദ്ധ് പാണ്ഡെയെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അനിരുദ്ധ് പാണ്ഡെ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഇത്തരം സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ പ്രശസ്തി നേടാമെന്ന യൂട്യൂബ് വീഡിയോകൾ കണ്ടാണ് അനിരുദ്ധ് പാണ്ഡെ ഇത് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ഭാരതി വ്യക്തമാക്കി. ഭാരതീയ നഗ്രിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 170 വകുപ്പുകൾ പ്രകാരം പാണ്ഡെയ്ക്കെതിരായ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭാരതി കൂട്ടിച്ചേർത്തു.