NEWSROOM

സ്വപ്ന ഫൈനൽ പ്രവേശനം അരികെ; ബോർഡർ-ഗവാസ്കർ ട്രോഫി കടമ്പ കടക്കാൻ ഇന്ത്യക്ക് 'സീക്രട്ട് മിഷൻ'

പരമ്പര 4-0ന് ജയിച്ചാൽ മാത്രമെ മറ്റു ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിൻ്റെ ഫൈനലിൽ എത്താനാകൂ

Author : ന്യൂസ് ഡെസ്ക്


നവംബർ 22നാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കൊമ്പുകോർക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് നിർണായകമാണ്. പരമ്പര 4-0ന് ജയിച്ചാൽ മാത്രമെ മറ്റു ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിൻ്റെ ഫൈനലിൽ എത്താനാകൂ. അങ്ങനെയെങ്കിൽ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

പരമ്പരയ്ക്കായി അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മുന്നൊരുക്കം നടത്തിവരികയാണ്. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസീസുമായി യാതൊരു പരിശീലന മത്സരവും കളിക്കേണ്ടതില്ലെന്ന് ബിസിസിഐ വളരെ നേരത്തെ തീരുമാനമെടുത്തിരുന്നു. അതേസമയം, പെര്‍ത്തില്‍ രഹസ്യ പരിശീലന ക്യാംപില്‍ ഇന്ത്യൻ ടീമംഗങ്ങൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരിശീലന മത്സരം കളിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും പരിശീലന സെഷനുകളിൽ കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചെന്നുമാണ് വിവരം.

ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പരയില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആത്മവിശ്വാസക്കുറവാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് മുൻ പാക് താരം ബാസിത് അലി വിമർശിക്കുന്നത്. "ഇക്കാര്യം തുറന്നുപറയുന്നതില്‍ വളരെ സങ്കടമുണ്ട്. ഇത്തരത്തിലുള്ള നിര്‍ണായക പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല. പരമ്പര തുടങ്ങുന്നതിന് 12 ദിവസമോ... 12 മാസമോ മുന്‍പ് എത്തിയിട്ടും ഇങ്ങനെ പരിശീലിക്കുന്നതില്‍ അര്‍ത്ഥമില്ല, അതല്ല ശരിയായ രീതി. ഓസീസ് ബൗളിങ്ങിനെ അതിജീവിക്കണമെങ്കില്‍ ഓസ്ട്രേലിയന്‍ ടീമുകള്‍ക്കെതിരെ നിങ്ങള്‍ സന്നാഹ മത്സരങ്ങള്‍ കളിക്കണമായിരുന്നു," ബാസിത് അലി വിമർശിച്ചു.

SCROLL FOR NEXT