NEWSROOM

പലസ്തീൻ അഭയാർഥി ക്യാമ്പിലെ പെൺകുട്ടികൾക്ക് ബോക്‌സിംഗ് പരിശീലനം; യുദ്ധഭീതിയിൽ നിന്നുള്ള അതിജീവനം ലക്ഷ്യം

പരിശീലന ഉപകരണങ്ങൾ കുറവാണെങ്കിലും, സ്വപ്നം സാക്ഷാത്കരിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ പരിശീലനം തുടരാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

പലസ്തീൻ അഭയാർഥി ക്യാമ്പിൽ പെൺകുട്ടികൾക്ക് ബോക്‌സിംഗ് പരിശീലനം നൽകാൻ കോച്ച് ഒസാമ അയൂബ് . ഇസ്രയേൽ ബോംബാക്രമണത്തിൽ ഗാസയിലെ ബോക്സിംഗ് ക്ലബ് തകർന്നതിന് പിന്നാലെയാണ് കോച്ച് ഒസാമ അയൂബ് പുതിയ പരിശീലന മാർഗം സ്വീകരിച്ചത്. യുദ്ധഭയം മറികടക്കാൻ പരിശീലനം സഹായിച്ചതായി കോച്ച് പറഞ്ഞു.

ഇസ്രായേൽ ബോംബാക്രമണത്തിൽ ഗാസയിലെ ഭൂരിഭാഗം കായിക സൗകര്യങ്ങളും ഉപകരണങ്ങളും തകർന്നെങ്കിലും ചെറുത്തു നിൽക്കാനുള്ള കരുത്തുറ്റ മനസുകളെ തകർക്കാൻ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ബോക്സിങ് പരിശീലനത്തിന് റിങ്ങോ പഞ്ച് ബാഗുകളോ സംരക്ഷണ ഭിത്തികളോ ഇല്ല. പകരം ക്യാമ്പിലെ ടെൻ്റുകൾക്കിടയിൽ മെത്തയും തലയണയും ഉപയോഗിച്ചാണ് പെൺകുട്ടികൾ ബോക്സിംഗ് പരിശീലനം നടത്തുന്നത്.

ബോക്സിംഗ് ഗാസയിലെ പെൺകുട്ടികൾക്ക് വെറുമൊരു കായികയിനമോ സ്വയരക്ഷാർഥ മാർഗമോ മാത്രമല്ല. പഞ്ചിംഗ് ഗ്സൗസുകളില്ലാതെ വെറും കൈയ്യോടെ പഞ്ച് ചെയ്യുമ്പോഴും സാങ്കൽപ്പിക മുഷ്ടികളിൽ നിന്ന് ചെറുത്തു നിൽക്കാൻ ശ്രമിക്കുന്നത് യുദ്ധഭീതിയിൽ നിന്നുള്ള അതിജീവനം കൂടി ലക്ഷ്യമിട്ടാണ്. ആദ്യം യുദ്ധത്തെ ഭയന്നെങ്കിൽ ഇന്ന് ആ ഭയത്തെ മറികടക്കാനുള്ള ശക്തി ബോക്സിങ്ങിലൂടെ അവർക്ക് ലഭിച്ചതായി പരിശീലകനായ ഒസാമ അയൂബ് പറഞ്ഞു.

യുദ്ധം അവസാനിക്കുമെന്നും ഗാസയിലെ പെൺകുട്ടികളിലേക്ക് തങ്ങളുടെ സന്ദേശം എത്തുമെന്നുമാണ് ഇവരുടെ പ്രതീക്ഷ. പരിശീലന ഉപകരണങ്ങൾ കുറവാണെങ്കിലും, സ്വപ്നം സാക്ഷാത്കരിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ പരിശീലനം തുടരാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. ബോക്സിങ് അഭയാർത്ഥി ക്യാമ്പുകളിൽ ഒതുങ്ങാതെ ലോകമെമ്പാടും അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയാണ് ഈ പെൺകുട്ടികളുടെ സ്വപ്നം.

SCROLL FOR NEXT