NEWSROOM

പഠനത്തോടൊപ്പം താമര കൃഷി ചെയ്യുന്ന കുട്ടി കർഷകൻ; നേടുന്നത് വമ്പൻ വരുമാനം

300 മുതൽ 6000 രൂപ വരെയാണ് താമര തണ്ടുകൾക്ക് വില

Author : ന്യൂസ് ഡെസ്ക്

ഈ ഓണക്കാലത്ത് പഠനത്തോടൊപ്പം വീടിൻ്റെ ടെറസിൽ താമര കൃഷി ചെയ്ത് വരുമാനം കണ്ടെത്തുകയാണ് കണ്ണൂരിലെ ഒരു കുട്ടി കർഷകൻ. കൂത്തുപറമ്പ് വേങ്ങാട് ഇ.കെ നായനാർ സ്മാരക  ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെ.കെ. ഋഷികേശാണ് വ്യത്യസ്ത കൃഷിയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്. 

സോഷ്യൽ മീഡിയയിൽ കണ്ട വീഡിയോകൾ തന്നെയാണ്  കണ്ണൂർ പടുവിലായിയിലെ ഋഷികേശിന്റെ മനസ്സിൽ പുതിയൊരു ആശയത്തിന്റെ വിത്തിട്ടത്. പ്ലസ് വൺ വിദ്യാർഥിയായ ഋഷികേശ് ആ വിത്തിന് വെള്ളവും വളവും നൽകിയപ്പോൾ പടുവിലായിയിലെ നീലാംബരി വീടിന്റെ ടെറസ് ഒരു താമരപൊയ്കയായി മാറുകയായിരുന്നു. കൃഷിയോട് ഇഷ്ടവും താല്പര്യവുമുണ്ടായിരുന്ന ഋഷികേശ് കോവിഡ് കാലത്താണ് താമരകൃഷിക്ക് തുടക്കമിടുന്നത്.

ഇപ്പോൾ ഋഷികേശിൻ്റെ ടെറസിൽ  42 ഇനം താമരകളുണ്ട്. താമരപ്പൂക്കളുടെ ഭംഗി ആസ്വദിക്കാമെന്ന് മാത്രമല്ല, ഋഷികേശിന് ഇത് നല്ലൊരു വരുമാന മാർഗം കൂടിയാണ്. താമര തണ്ടുകൾ  ആവശ്യക്കാർക്ക് നേരിട്ടും കൊറിയർ ആയും ഇവിടെ നിന്ന് എത്തിച്ചു നൽകും. ഡൽഹി, രാജസ്ഥാൻ, തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ പോലും ഋഷികേശിൻ്റെ താമരയ്ക്ക് ഇപ്പോൾ ആവശ്യക്കാരുണ്ട്.  300 മുതൽ 6000 രൂപ വരെയാണ് താമര തണ്ടുകൾക്ക് വില. മിറാക്കിൾ ,റെഡ് ലെഗോൺ എന്നീ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.

2022 ൽ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി ഋഷികേശിനെ തിരഞ്ഞെടുത്തിരുന്നു. അച്ഛൻ സജേഷും അമ്മ നിവേദിതയും നൽകുന്ന പിന്തുണ കൂടിയായപ്പോൾ ഈ രംഗത്ത് സജീവമാകാനാണ് ഋഷികേശിന്റെ തീരുമാനം.

SCROLL FOR NEXT