NEWSROOM

മണ്ണില്‍ കുഴികുത്തി വെള്ളം കണ്ടെത്തി, കാട്ടുപഴങ്ങള്‍ കഴിച്ച് വിശപ്പടക്കി; കൊടുംകാട്ടില്‍ എട്ടുവയസുകാരന്റെ അതിജീവനം

കാടിനെക്കുറിച്ചുള്ള അറിവും അതിജീവിക്കാനുള്ള കഴിവുകളുമാണ് കുട്ടിയെ ജീവനോടെ നിലനിർത്തിയതെന്നും മുറോംബെഡ്സി പറയുന്നു

Author : ന്യൂസ് ഡെസ്ക്



സിംഹങ്ങളും ആനകളുമുള്ള കാട്ടിൽ ഒരു ദിവസം കഴിയുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പേടിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ സിംഹങ്ങളും ആനകളുമുള്ള കൊടുംകാട്ടിൽ അഞ്ച് ദിവസം അതിജീവിച്ച് തിരിച്ചെത്തിയിരിക്കുകയാണ് വടക്കൻ സിംബാബ്‌വെയിലെ എട്ടുവയസുകാരൻ. ടിനോറ്റെൻഡ പുഡു എന്ന കുട്ടിയാണ് അപകടകരമായ മട്ടുസഡോണ ദേശീയോദ്യാനത്തിൽ അകപ്പെട്ടത്. മഷോണലാൻഡ് വെസ്റ്റ് എംപി മുത്സ മുറോംബെഡ്സിയുടെ എക്സ് പോസ്റ്റ് വഴി വാർത്ത ലോകം അറിയുകയായിരുന്നു.

അഞ്ച് ദിവസം മുൻപാണ് വീട്ടിൽ നിന്നിറങ്ങി നടന്ന ടിനോറ്റെൻഡ 23 കിലോമീറ്റർ അകലെയുള്ള ദേശീയോദ്യാനത്തിൽ എത്തിപ്പെടുന്നത്. ആനയും സിംഹങ്ങളുമുള്ള കൊടും കാട്ടിലെത്തിയ കുട്ടി, പാറയിലുറങ്ങിയും പഴങ്ങൾ കഴിച്ചുമാണ് അഞ്ച് ദിവസം കഴിഞ്ഞതെന്ന് മുത്സ മുറോംബെഡ്സി എംപി എക്സിൽ കുറിച്ചു. കാടിനെക്കുറിച്ചുള്ള അറിവും അതിജീവിക്കാനുള്ള കഴിവുകളുമാണ് കുട്ടിയെ ജീവനോടെ നിലനിർത്തിയതെന്നും മുറോംബെഡ്സി പറയുന്നു.

കാട്ടുപഴങ്ങൾ കഴിച്ചാണ് ടിനോറ്റെൻഡ വിശപ്പകറ്റിയത്. വരൾച്ച ബാധിത പ്രദേശത്ത് വളർന്നതിനാൽ കുട്ടിക്ക് വെള്ളം കണ്ടെത്താനുള്ള വിദ്യകളും അറിയാമായിരുന്നു. വരണ്ട നദീതടങ്ങളിൽ വടികൊണ്ട് ചെറിയ കിണറുകൾ കുഴിച്ചായിരുന്നു കുട്ടി കുടിവെള്ളം കണ്ടെത്തിയത്.

കുട്ടിയെ കാണാതയതോടെ പ്രാദേശിക കമ്മ്യൂണിറ്റിയായ ന്യാമിനിയമിയിലെ അംഗങ്ങൾ അന്വേഷിക്കാനിറങ്ങി. ഡ്രംസ് അടിച്ചുകൊണ്ട് കുട്ടിയെ കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ വനപാലകരാണ് അവനെ കണ്ടെത്തിയത്.  വനപാലകരുടെ വാഹനത്തിൻ്റെ ശബ്ദം കേട്ട് ടിനോറ്റെൻഡ കാട്ടിലേക്ക് ഓടിപ്പോയിരുന്നു. ഭാഗ്യവശാൽ, വനപാലകർ തിരികെ മടങ്ങുന്ന വഴി ഒരു കൊച്ചുകുട്ടിയുടെ കാൽപ്പാടുകൾ ശ്രദ്ധിച്ചു. ഇതോടെ പ്രദേശത്ത് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. റേഞ്ചർമാർ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കാതെ വന്നേനെയെന്നും മുറോംബെഡ്സി എംപി പറയുന്നു.

1,470 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാട്, സീബ്രകൾ, ആനകൾ, ഹിപ്പോകൾ, സിംഹങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമാണ്. മട്ടുസഡോണ പാർക്കിൽ ഏകദേശം 40 സിംഹങ്ങളുണ്ടെന്നാണ് കണക്ക്. സമൂഹമാധ്യമത്തിൽ കുട്ടിയുടെ ചെറുത്തുനിൽപ്പിനുള്ള പ്രശംസാപ്രവാഹമാണ്.

SCROLL FOR NEXT