കൊച്ചി കളമശേരിയിലെ വാതക ടാങ്കർ അപകടത്തിൽ അന്വേഷണത്തിനൊരുങ്ങി ബിപിസിഎൽ. ഫാക്ടറിസ് ആൻ്റ് ബോയിലേഴ്സ് യൂണിറ്റ് സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. 20 ടൺ വാതകം റോഡിലൂടെ കൊണ്ട് പോകുമ്പോൾ വേണ്ട നടപടികൾ പാലിച്ചോ എന്നും ബിപിസിഎൽ പരിശോധിക്കും.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറിൽനിന്നും വാതക ചോർച്ചയുണ്ടായത്. 20 ടൺ പ്രൊപ്പലീൻ വാതകവുമായി ഇരുമ്പനം ബി.പി.സി എലിൽ നിന്നും ഗുജറാത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ലോറി. അപകടത്തിന് പിന്നാലെ ഏകദേശം ആറ് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം വിഷയം പരിഹരിക്കുകയായിരുന്നു. പ്രൊപ്പെലിനുമായി പോയ ടാങ്കറാണ് ഇന്നലെ അർധരാത്രി ടിവിഎസ് ജംഗ്ഷനിൽ വച്ച് അപകടത്തിൽപ്പെട്ടത്. ക്രെയിൻ എത്തിച്ച് ടാങ്കർ ഉയർത്താനുള്ള ശ്രമത്തിനിടെ വാതകച്ചോർച്ചയുണ്ടാവുകയായിരുന്നു. പിന്നാലെ കളമശ്ശേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ടാങ്കർ അപകടത്തിൽപ്പെട്ട വിവരത്തിന് പിന്നാലെ രാത്രി ഒരു മണിയോടെ ബിപിസിഎൽ എമർജൻസി റെസ്പോൺസിബിൾ ടീം സ്ഥലത്തെത്തിയിരുന്നു. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തിൽ ഉറപ്പ് വരുത്തിയ ശേഷമാണ് ടാങ്കർ ഉയർത്താനുള്ള നടപടികൾ തുടങ്ങിയത്. എന്നാൽ നാല് മണിയോടെ വാതകചോർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടിയന്തര നടപടി എന്ന നിലയിൽ സുർക്കി മിശ്രിതം ഉപയോഗിച്ച് വാതക ചോർച്ച പരിഹരിച്ചു. അപകടത്തിൽ വാഹനത്തിൻറെ ക്യാബിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പുതിയ ക്യാബിൻ അമ്പലമുകളിൽ നിന്നെത്തിച്ചു. കളമശ്ശേരിയിൽ നിന്നും ബിപിസിഎല്ലിൽ എത്തിക്കുന്ന വാതകം സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വീണ്ടും ഗുജറാത്തിലേക്ക് യാത്ര തിരിക്കുക. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചത്.