NEWSROOM

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്താനായില്ല; ദൗത്യം നാളെയും തുടരും

കാലടി മുനിത്തടത്ത് ആനയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനമേഖലയോട് ചേർന്ന പ്രദേശത്തായിരുന്നു രാവിലെ മുതൽ പരിശോധന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ ഇന്ന് നടന്ന തെരച്ചിലിൽ കണ്ടെത്താനായില്ല. മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ കഴിഞ്ഞദിവസമാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. 50 അംഗ ദൗത്യ സംഘം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് കൊണ്ടായിരുന്നു ഇന്നത്തെ പരിശോധന. മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ശക്തമായതോടെയാണ് മയക്ക് വെടി വെച്ച് ചികിത്സ നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞദിവസം വരെ ആന ദൗത്യ സംഘത്തിൻ്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്ലാൻ്റേഷൻ്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും കാട്ടുകൊമ്പനെ കണ്ടെത്താനായില്ല. കാലടി മുനിത്തടത്ത് ആനയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനമേഖലയോട് ചേർന്ന പ്രദേശത്തായിരുന്നു രാവിലെ മുതൽ പരിശോധന നടത്തിയത്. കാലടി പ്ലാന്റേഷനിലെ മൂന്ന് ബ്ലോക്കുകളിലും ഫാക്ടറി ഡിവിഷൻ, കശുമാവിൻ തോട്ടം എന്നിവിടങ്ങളിലുമായിരുന്നു ആദ്യ ഘട്ടത്തിൽ പരിശോധന. പിന്നീട് തടിമുറി, വടംമുറി, എലിച്ചാണി, പറയൻപാറ എന്നിവിടങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു.

ഡ്രോൺ ഉൾപ്പടെ ഉപയോഗപ്പെടുത്തിയായിരുന്നു ഉൾവനത്തിലും സമീപ മേഖലയിലും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിൻ്റെ തെരച്ചിൽ. ആനയെ കണ്ടെത്താൻ വൈകുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന ആശങ്കയിലാണ് വന്യജീവി സംരക്ഷകർ. നാളെയും ആനക്കായുള്ള ദൗത്യം തുടരും. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മയക്ക് വെടി വെക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി പടക്കം പൊട്ടിച്ചതോടെയാണ് ആന ഉൾവനത്തിലേക്ക് വലിഞ്ഞത്.

SCROLL FOR NEXT