NEWSROOM

മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കും; ഡോ. അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലേക്ക്

ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം

Author : ന്യൂസ് ഡെസ്ക്


അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയ സംഭവത്തിൽ ഡോ. അരുൺ സക്കറിയ അതിരപ്പിള്ളിയിലേക്ക്. ആനയ്ക്ക് ചികിത്സ ഉറപ്പാക്കാനാണ് അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഇവിടേക്ക് എത്തുന്നത്.

വനംവകുപ്പാണ് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ആന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്നും വന്യജീവി സംരക്ഷക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുമ്പോഴും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനം വകുപ്പ് നേരത്തെ വാദിച്ചിരുന്നത്. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് വനം വകുപ്പ് പറയുന്നത്.

SCROLL FOR NEXT