NEWSROOM

ബ്രസീൽ വിമാനാപകടം: 35 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അപകടത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് പുറത്തുവിടുമെന്ന് ബ്രസീലിയൻ സർക്കാർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബ്രസീൽ വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 35 പേരെയാണ് തിരിച്ചറിഞ്ഞത്. സാവോ പോളോയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബ്രസീലിയൻ വായുസേനയുടെ കെ സി 390 എന്ന വിമാനത്തിൽ കാസ്കെവെല്ലിൽ എത്തിക്കും. ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇതിനോടകം പതിനേഴ് മൃതദേഹം നടപടികൾ പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്.

ബ്രസീലിലെ കാസ്‌കാവലില്‍ നിന്ന് സാവോ പോളോയിലെ ഗ്വാറുള്‍ഹോസിലേക്ക് പറന്നുയര്‍ന്ന എടിആര്‍-72 ടര്‍ബോപ്രോപ്പ് വിമാനമാണ് തീപിടിത്തത്തില്‍ തകര്‍ന്നത്. അപകടത്തിൽ 65 പേരാണ് മരിച്ചത്. പ്രാദേശിക എയർലൈനാണ് വോപാസിൻ്റെ എ ടി ആർ 72 എന്ന ഫ്രഞ്ച് നിർമ്മിത വിമാനം.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിൻ്റെ കോക്പിറ്റിൽ നിന്നുള്ള ശബ്ദസന്ദേശങ്ങളും ബ്ലാക്ക് ബോക്‌സും ഉൾപ്പടെ പരിശോധിക്കും. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നിൽ മഞ്ഞിൻ്റെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. വിമാനം അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ ഈ സംശയത്തെ ബലപ്പെടുത്തുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

മഞ്ഞുവീഴ്ച സംബന്ധിച്ചുള്ള മുന്നറിയിപ്പ് നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് പുറത്ത് വിടുമെന്ന് ബ്രസീലിയൻ സർക്കാർ വ്യക്തമാക്കി.

SCROLL FOR NEXT