NEWSROOM

3.3 മില്യൺ ഡോളർ പിഴയൊടുക്കി ഇലോണ്‍ മസ്ക്; ബ്രസീലിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ പിന്‍വലിച്ചു

ബ്രസീലില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള സാമൂഹിക മാധ്യമമാണ് ഇലോണ്‍ മസ്കിന്‍റെ 'എക്സ്'. ഏകദേശം 22 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് രാജ്യത്ത് എക്സിനുള്ളത്

Author : ന്യൂസ് ഡെസ്ക്

3.3 മില്യൺ ഡോളർ പിഴയൊടുക്കി ബ്രസീലിലെ അക്കൗണ്ട് മരവിപ്പിക്കലില്‍ നിന്ന് തലയൂരി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. അതേസമയം, എക്സിന് ബ്രസീല്‍ ഏർപ്പെടുത്തിയ വിലക്ക് ഇതുവരെ നീക്കിയിട്ടില്ല. എക്സ് അക്കൗണ്ടുകളുടെ ഉള്ളടക്കം സംബന്ധിച്ച് സുപ്രീം കോടതിയുമായുള്ള ഏറ്റുമുട്ടലിലാണ് മസ്കിന് മുട്ടുമടക്കേണ്ടി വന്നത്.

ബ്രസീലില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള സാമൂഹിക മാധ്യമമാണ് ഇലോണ്‍ മസ്കിന്‍റെ 'എക്സ്'. ഏകദേശം 22 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് രാജ്യത്ത് എക്സിനുള്ളത്. ലോകത്ത് എക്സിന്‍റെ ആറാമത്തെ വലിയ വിപണിയാണ് ബ്രസീല്‍. എന്നാല്‍ ചില എക്സ് അക്കൗണ്ടുകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം രാജ്യവ്യാപക വിലക്കിലാണ് ചെന്നവസാനിച്ചത്. ബ്രസീല്‍ സുപ്രീം കോടതിയുമായുള്ള മാസങ്ങള്‍ നീണ്ട ഈ ഏറ്റുമുട്ടലില്‍ പക്ഷേ, മസ്ക് മുട്ട് മടക്കുകയാണ്.

മുൻ പ്രസിഡൻ്റ് ബോൾസോനാരോയുടെ ഭരണകാലത്ത് വ്യാജവാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിച്ച ചില എക്സ് അക്കൗണ്ടുകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവായിരുന്നു തുടക്കം. സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മൊറേസിന്‍റെ വിധി, അഭിപ്രായ സ്വാതന്ത്രത്തിന്‍റെ ലംഘനമാണെന്നാണ് മസ്ക് ആരോപിച്ചത്. ഒപ്പം കോടതി മുന്നോട്ടുവെച്ച സമയപരിധിയും അവഗണിച്ചു. ഇതോടെ ബ്രസീലില്‍ എക്സ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി അടുത്ത വിധി പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കുന്നവർക്ക് പ്രതിദിനം 9,000 ഡോളർ പിഴയും ചുമത്തി.

സെന്‍സർഷിപ് ഭീഷണിയാണ് ഇതെന്നും ജസ്റ്റിസ് അലക്സാണ്ടർ ഡി മൊറേസ് ഏകാധിപത്യ സ്വാഭാവം കാണിക്കുന്നുവെന്നും തിരിച്ചടിച്ച് മസ്കും രംഗത്തെത്തി. ബ്രസീലിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ, മസ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച കോടതി, എക്സിന്‍റെയും ഉപഗ്രഹ ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്‍റെയും രാജ്യത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ഇതോടെയാണ് കോടതി പറഞ്ഞ 18.35 മില്ല്യണ്‍ റിയാസ്, 3.3 മില്യൺ ഡോളർ പിഴയൊടുക്കി മസ്കിന് പ്രശ്നം അവസാനിപ്പിക്കേണ്ടി വന്നത്. പിഴ നല്‍കിയതോടെ മരവിപ്പിക്കല്‍ പിന്‍വലിച്ചതായി സുപ്രീംകോടതി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, നിർദേശിക്കപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കാത്തതിനാല്‍ എക്സിന് ഏർപ്പെടുത്തിയ വിലക്ക് ബ്രസീല്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

SCROLL FOR NEXT