NEWSROOM

സമനിലക്കുരുക്കിൽ പിടഞ്ഞ് കാനറിക്കൂട്ടം; ആരാധകർക്ക് ആശങ്കയേകി ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ അഞ്ചാമത്

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോടും ബ്രസീലിന് ഇതേ സ്‌കോറില്‍ സമനില പാലിക്കേണ്ടി വന്നിരുന്നു

Author : ന്യൂസ് ഡെസ്ക്


ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വീണ്ടും സമനിലയില്‍ കുരുങ്ങി ബ്രസീല്‍. യുറുഗ്വേയുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു പിരിയുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളും സ്കോര്‍ ചെയ്തത്. സാല്‍വദോറിലെ ഫോണ്ടേ നോവാ അരീനയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 55ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഫെഡെ വാല്‍വെര്‍ദെയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ യുറുഗ്വേയാണ് ആദ്യം ലീഡെടുത്തത്.

ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത മിന്നലടി ബ്രസീല്‍ കീപ്പര്‍ ഏഡേഴ്‌സണെ കാഴ്ചക്കാരനാക്കി വലയില്‍ കയറി. അധികം വൈകാതെ തന്നെയായിരുന്നു ബ്രസീലിന്റെ മറുപടി. 62ാം മിനിറ്റില്‍ യുറുഗ്വെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിലുണ്ടായ പിഴവ് മുതലെടുത്ത് ഗെര്‍സണ്‍ ഡിസില്‍വ ബ്രസീലിനെ ഒപ്പമെത്തിച്ചു. അത്യുഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു മറുപടി ഗോള്‍. ഗോള്‍ വീണ ശേഷം ഒത്തിണക്കത്തോടെ മുന്നേറിയെങ്കിലും കാനറികള്‍ക്ക് വിജയ ഗോള്‍ മാത്രം നേടാനായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോടും ബ്രസീലിന് ഇതേ സ്‌കോറില്‍ സമനില പാലിക്കേണ്ടി വന്നിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലി വെനസ്വേലയെ പരാജയപ്പെടുത്തി. അതേസമയം, ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ 12 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്നത്തെ ജയത്തോടെ 25 പോയിന്റുമായി അര്‍ജൻ്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 20 പോയിന്റുള്ള യുറുഗ്വേ രണ്ടാമതും 18 പോയിന്റുള്ള ബ്രസീല്‍ അഞ്ചാമതുമാണ്. 19 പോയിന്റുമായി ഇക്വഡോര്‍ മൂന്നാമതും, 19 പോയിൻ്റ് തന്നെയുള്ള കൊളംബിയ നാലാംസ്ഥാനത്തുമാണ്.

SCROLL FOR NEXT