NEWSROOM

സാങ്കേതിക തകരാറില്‍ മെക്സിക്കന്‍ ആകാശം ചുറ്റി ബ്രസീല്‍ പ്രസിഡന്‍റിന്‍റെ വിമാനം; മണിക്കൂറുകള്‍ക്ക് ശേഷം അടിയന്തര ലാന്‍ഡിങ്

മെക്സിക്കോയുടെ പുതിയ പ്രസിഡൻ്റായി ക്ലൗഡിയ ഷെയ്ബോം അധികാരമേല്‍ക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

സാങ്കേതിക തകരാറുകള്‍ കാരണം മണിക്കൂറുകള്‍ മെക്സിക്കോയുടെ ആകാശത്ത് ചുറ്റിപ്പറന്ന്  ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ സഞ്ചരിച്ച വിമാനം.  മെക്സിക്കോയുടെ പുതിയ പ്രസിഡൻ്റായി ക്ലൗഡിയ ഷെയ്ബോം അധികാരമേല്‍ക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. 2004ൽ അധികാരമേറ്റതിന് പിന്നാലെ ലുല വാങ്ങിയ വിവാദ വിമാനമാണ് സാങ്കേതിക തകരാറില്‍പ്പെട്ടത്.

ടേക്ക് ഓഫ് ചെയ്ത വിമാനം അജ്ഞാത സാങ്കേതിക തകരാറിനെ തുടർന്ന് അഞ്ചുമണിക്കൂറോളം മെക്സിക്കോയുടെ ആകാശം ചുറ്റുകയായിരുന്നു. വലിയ ആശങ്കയ്ക്കുകാരണമായ ഈ സംഭവത്തിന് ശേഷം വിമാനം സുരക്ഷിതമായി മെക്സിക്കോ സിറ്റിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

Also Read: മെക്സിക്കന്‍ ചരിത്രം തിരുത്തിയെഴുതി ക്ലൗഡിയ ഷെയ്ൻബോം; ആദ്യ വനിതാ പ്രസിഡന്‍റായി ചുമതലയേറ്റു

വിമാനത്തിലെ ഇന്ധനം പൂർണമായും ഉപയോഗിച്ച് തീർക്കേണ്ടിയിരുന്നതിനാലാണ് ആകാശം ചുറ്റിയതെന്നാണ് ബ്രസീല്‍ വ്യോമസേനയുടെ വിശദീകരണം. എന്നാല്‍ എന്താണ് സാങ്കേതിക പ്രശ്നം എന്നത് സംബന്ധിച്ച് സേന വിശദീകരണത്തിലേക്ക് കടന്നില്ല. 2004ൽ ആദ്യമായി പ്രസിഡൻ്റ് ഭരണത്തിലെത്തിയപ്പോഴാണ് ലുല ഡാ സിൽവ എയർബസ് എ319 വിമാനം വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് പല അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. 'ലുലാസ്പേസ്' എന്ന് പരിഹാസപ്പേരിലാണ് ബ്രസീലില്‍ ഈ വിമാനം അറിയപ്പെടുന്നത്.

SCROLL FOR NEXT