ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാൻ ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം. ബ്രസീൽ പൗരന്മാർ കശ്മീരിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ഇന്ത്യ-പാക് സംഘർഷാവസ്ഥ സംബന്ധിച്ച് ബ്രസീൽ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ , എല്ലാ ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്നതായി രാജ്യം ആവർത്തിച്ചു.
ഇന്ത്യയിലും പാകിസ്ഥാനിലുമായി കഴിയുന്ന ബ്രസീലിയൻ പൗരന്മാർക്കായി കോൺസുലാർ അടിയന്തര ഹോട്ട്‌ലൈൻ നമ്പറുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രദേശത്തെ ബ്രസീലിയൻ പൗരന്മാരുടെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാശ്മീരിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ബ്രസീൽ പൗരന്മാരോട് നിർദേശിച്ചു.
അതേസമയം ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നാണ് യുഎസ് നിലപാട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തി. രണ്ട് ആണവ ശക്തികൾ തമ്മിലുള്ള പോരാട്ടത്തില്‍ "അടിസ്ഥാനപരമായി തങ്ങൾക്ക് കാര്യമില്ല" എന്നായിരുന്നു വാൻസിൻ്റെ പ്രസ്താവന. സംഘർഷം ലഘൂകരിക്കാൻ യുഎസ് ശ്രമിക്കുമെന്നും എന്നാൽ ഇരുപക്ഷത്തെയും "ആയുധം താഴെ വയ്ക്കാൻ" നിർബന്ധിക്കാൻ കഴിയില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് വൈസ് പ്രസിഡന്റ് അറിയിച്ചു.
"കുറച്ചുകൂടി സംഘർഷത്തിന്റെ തീവ്രത കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയുടെ നിയന്ത്രണ ശേഷിയുമായി യാതൊരു ബന്ധവുമില്ലാത്തതുമായ ഒരു യുദ്ധത്തിന്റെ മധ്യത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല," വാൻസ് അഭിമുഖത്തിനിടെ പറഞ്ഞു. ഇരു പക്ഷത്തെയും ആയുധം താഴെവയ്ക്കാൻ നിർബന്ധിക്കാൻ യുഎസിന് കഴിയാത്തതിനാൽ, നയതന്ത്ര മാർഗങ്ങളിലൂടെ യുഎസ് മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും വാൻസ് കൂട്ടിച്ചേർത്തു.
വിദേശ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിൽ നിന്ന് യുഎസ് പിന്മാറണമെന്ന ഡൊണാൾഡ് ട്രംപിന്റെ വിദേശനയവുമായി പൊരുത്തപ്പെടുന്ന പരാമർശങ്ങളാണ് വാൻസും നടത്തിയിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ വിഷയത്തിലും സമാനമായ നിലപാടാണ് യുഎസ് സ്വീകരിച്ചത്. ഇരുപക്ഷത്തെയും നേരിട്ട് ചർച്ചകൾക്ക് പ്രേരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കാനുള്ള ശ്രമത്തിൽ നിന്ന് യുഎസ് പിന്മാറാൻ തയ്യാറാണെന്ന് ട്രംപും വാൻസും മുന്നറിയിപ്പ് നൽകിയിരുന്നു.