NEWSROOM

ഇടുക്കിയില്‍ വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്‍റെ ബന്ധുക്കളുടെ ക്രൂരമര്‍ദനം

മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്‍റെ ബന്ധുക്കളുടെ ക്രൂരമര്‍ദനം. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെ മര്‍ദിക്കുകയായിരുന്നുവെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞു. മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പൊലീസ് കേസെടുത്തു.

വധുവിന്റെ വിവാഹദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാങ്കുളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് താമസം ഒരുക്കിയിരുന്നത്. ഈ മുറിയില്‍ വധുവിന്റെ ബന്ധുക്കള്‍ ഇരുന്ന്‌ മദ്യപിച്ചിരുന്നു. മുറി അലങ്കോലമായി കിടന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അസൗകര്യം അറിയിച്ചു. പിന്നാലെ ചടങ്ങുകള്‍ പകര്‍ത്തിയതിന് ശേഷം ഇക്കാര്യം വധുവിനെ അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. തുടര്‍ന്ന്‌ ഫോട്ടോഗ്രാഫര്‍മാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ കാര്‍ തടഞ്ഞ് അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു.

ഫോട്ടോഗ്രാഫര്‍മാര്‍ വധുവിനോട് മോശമായി പെരുമാറിയെന്നാണ് മര്‍ദിച്ചവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

കല്ലാർ മാങ്കുളം റോഡിൽ കൈനഗിരി ഗോമതിക്കടക്ക് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. ക്രൂര മർദനത്തിൽ ജെറിന്റെ മുഖം പൊട്ടി ചോര ഒഴുകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മൊബൈലിൽ പകർത്തിയ മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

SCROLL FOR NEXT