NEWSROOM

പ്രസംഗത്തില്‍ മാത്രമല്ല പ്രവൃത്തിയിലും മിടുക്കര്‍; ലോക്സഭയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍

ഭാവി ഇന്ത്യയുടെ നേതാവ് എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ ആസാദ്

Author : ന്യൂസ് ഡെസ്ക്

പതിനെട്ടാം ലോക്സഭ സമ്മേളനം ആരംഭിക്കുമ്പോള്‍ ചർച്ചയാവുന്നത് രാഷ്ട്രീയത്തിനകത്തും പുറത്തും ശ്രദ്ധേയമായ ചില മുഖങ്ങളാണ്. ചരിത്ര സമരങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചവർ മുതൽ, വേറിട്ട പ്രസംഗ ശൈലി കൊണ്ടും വിവാദ പ്രസ്താവനകള്‍ കൊണ്ടും ജനശ്രദ്ധയാകർഷിച്ചവർ വരെ ഇതിലുള്‍പ്പെടുന്നു. ആ വേറിട്ട മുഖങ്ങളെ പരിചയപ്പെടാം..

 ചന്ദ്രശേഖർ ആസാദ്

ഭാവി ഇന്ത്യയുടെ നേതാവ് എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ ആസാദ്. ഭീം ആർമിയിലൂടെ ഇന്ത്യൻ യുവത്വത്തിന് സുപരിചിതനായ നേതാവ്. പ്രതിനിധീകരിക്കുന്നത് ആസാദ് സമാജ് പാർട്ടിയെ.

മഹുവ മൊയ്ത്ര

പുറത്താക്കിയ പാർലമെൻ്റിലേക്ക് വർധിച്ച വീര്യത്തോടെ മടങ്ങിയെത്തുന്ന തൃണമൂൽ കോൺഗ്രസ് നേതാവ്. ബിജെപിയുടെ ഏറ്റവും ശക്തയായ വിമർശക കൂടിയാണ് മഹുവ. ലോക്സഭയിലേക്ക് തിരിച്ചെത്തുന്നതിലൂടെ പറയാനും കേൾക്കാനും ഏറെ ഉണ്ടാകും.

സഞ്ജന യാദവ്

ലോക്സഭയിലെ പ്രായം കുറഞ്ഞ വനിതാ എംപിമാരിലൊരാള്‍. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നു ജയിച്ചുവന്ന പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള തീപ്പൊരി നേതാവാണ് ഇരുപത്തിയഞ്ചുകാരിയായ സഞ്ജന.

കങ്കണ റാണൗട്ട്

വിവാദ പ്രസ്താവനകളിലൂടെ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ബിജെപിയുടെ താരനേതാവ്. തെരഞ്ഞെടുപ്പ് ജയിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രപോലും വിവാദത്തിലായ നേതാവു കൂടിയാണ് കങ്കണ റാണൗട്ട്.

 ഗനിബെൻ നാഗ്ജി താക്കൂർ

ഗുജറാത്തിൽ നിന്നു ജയിച്ച കോൺഗ്രസ് വനിത നേതാവാണ് ഗനിബെൻ നാഗ്ജി താക്കൂർ. ഒരു ദശകത്തിനിടെ ഗുജറാത്തിൽ നിന്ന് ലോക്സഭയിൽ കോൺഗ്രസിന് മേൽവിലാസമുണ്ടാക്കിയ വനിതാ നേതാവു കൂടിയാണ്.

 രാജ്കുമാർ റൗത്ത്

ഭാരത് ആദിവാസി പാർട്ടി നേതാവാണ് രാജ്കുമാർ റൗത്ത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ശ്രദ്ധേയ ശബ്ദം. ജയിച്ച് വന്നത് കോൺഗ്രസ് മുന്നണിയിൽ.

 ശശികാന്ത് സെന്തിൽ

കോൺഗ്രസ് ടിക്കറ്റിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നു ജയിച്ച നേതാവ്. എഎസ് പദവി രാജിവെച്ചു പൊതുപ്രവർത്തനത്തിന് ഇറങ്ങിയയാൾ. ബിജെപിയുടെ പൊൻ ബാലഗണപതിയെ തോൽപ്പിച്ചത് അഞ്ചേമുക്കാൽ ലക്ഷം വോട്ടിന്.

 കെ രാധാകൃഷ്ണൻ

കേരളത്തിൽ നിന്നുള്ള ഏക സിപിഐഎം പ്രതിനിധിയാണ് കെ രാധാകൃഷ്ണൻ. മൂന്നു പതിറ്റാണ്ടു മുൻപ് ആരംഭിച്ച നിയമസഭാ പ്രവർത്തനത്തിനു ശേഷം ആദ്യമായാണ് പാർലമെൻ്റിൽ എത്തുന്നത്.

 സുദമ പ്രസാദ്

ബിഹാറിലെ ആര മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി ആർ.കെ സിങ്ങിനെ തോൽപിച്ച സിപിഐഎംഎൽ നേതാവ്. മുൻപ് ബിഹാർ നിയമസഭയിലേക്കും സുദമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലപാടുകളും പ്രസംഗങ്ങളും കൊണ്ട് ശ്രദ്ധേയനാണ് ഇദ്ദേഹം

 അമ്രാറാം

രാജസ്ഥാനിൽ നിന്നു ലോക്സഭയിൽ എത്തിയ സിപിഐഎം നേതാവ്. കർഷക സമരങ്ങൾക്കു ചുക്കാൻ പിടിച്ച അഖിലേന്ത്യാ കിസാൻ സഭാ നേതാവു കൂടിയാണ് അദ്ദേഹം. നാലുതവണ രാജസ്ഥാൻ നിയമസഭയിലേക്കും അമ്രാറാം ജയിച്ചിട്ടുണ്ട്.

അബ്ദുൽ റഷീദ് ഷെയ്ഖ്

അബ്ദുൽ റഷീദ് ഷെയ്ഖ് അറിയപ്പെടുന്നത് എൻജിനിയർ റഷീദ് എന്നാണ്. ബാരാമുള്ളയിൽ ജയിലിൽ കിടന്ന് മത്സരിച്ച നേതാവെന്ന പ്രത്യേകതയും ഉണ്ട്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ അറസ്റ്റിലായ അബ്ദുൽ റഷീദ് ഷെയ്ഖ് തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫ്രൻസിന്‍റെ ഒമർ അബ്ദുല്ലയെ തോൽപ്പിച്ചാണ് ലോക്സഭയിലെത്തിയത്.

 ഇഖ്രാ ഹസൻ

സമാജ് വാദി പാർട്ടിയുടെ കൈറാനയിൽ നിന്നു ജയിച്ചു വന്ന യുവ വനിതാ നേതാവ്

യൂസഫ് പത്താൻ

ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിന്‍റെ പിച്ചിലേക്ക് കയറിവന്ന നേതാവ്. കോൺഗ്രസിന്‍റെ അധിർ രഞ്ജൻ ചൗധരിയെ അട്ടിമറിച്ച് തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ പാർലമെൻ്റിലെത്തി.

SCROLL FOR NEXT