കൊല്ലം എംഎൽഎ എം. മുകേഷിനെതിരായ ലൈംഗികാരോപണ കേസിൽ നടപടി വേണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സിപിഎമ്മിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലൂടെയാണ് ബൃന്ദ കാരാട്ട് ഇക്കാര്യം സൂചിപ്പിച്ചത്. 'നീ ചെയ്തത് കൊണ്ട് ഞാനും' എന്ന വാദം പാർട്ടിക്കില്ലെന്നും സ്ത്രീകൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ബൃന്ദ കാരാട്ട് പറയുന്നു. മുകേഷിനെതിരെ കേസെടുത്തതോടെ പ്രതികളെ സംരക്ഷിക്കുകയാണെന്ന കോൺഗ്രസിൻ്റെ ആരോപണം തെറ്റെന്ന് തെളിഞ്ഞെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മുകേഷിൻ്റെ രാജിക്കായി മുന്നണിക്കുള്ളിൽ നിന്നടക്കം സമ്മർദം ശക്തമാകുന്നതിനിടെയാണ് ബൃന്ദ കാരാട്ടിൻ്റെ ലേഖനമെത്തുന്നത്. 'ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചില ചിന്തകളെ'ന്ന പേരിൽ സിപിഎം ഔദ്യോഗിക വെബ്‌സൈറ്റിലെത്തിയ ലേഖനത്തിൽ കോൺഗ്രസിനെതിരായ പരാമർശങ്ങളുമുണ്ട്. ബലാത്സംഗക്കേസ് പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാരെ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ബൃന്ദ ലേഖനത്തിലൂടെ പറയുന്നു. അതേസമയം മുകേഷിനെതിരെ സർക്കാർ കേസെടുത്തിട്ടുണ്ടെന്നും ഇതോടെ കോൺഗ്രസ് ആരോപണങ്ങൾ അസാധുവാകുകയാണെന്നും ബൃന്ദ പറയുന്നു.
"റിപ്പോർട്ടിൻ്റെ പ്രസിദ്ധീകരണവേളയിൽ അഭിമുഖീകരിച്ച എല്ലാ പ്രശ്‌നങ്ങളെയും മറികടക്കാൻ കേരള സർക്കാർ നടത്തിയ ശക്തവും പ്രതിബദ്ധതയുള്ളതുമായ ശ്രമങ്ങൾ ഫലം കണ്ടിട്ടും ദൗർഭാഗ്യവശാൽ, കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു അജണ്ട മാത്രമേയുള്ളൂ. സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ നീക്കങ്ങളെയും ശ്രമങ്ങളെയും തടസ്സപ്പെടുത്തുക എന്നതാണ് ആ അജണ്ട. ബലാത്സംഗക്കേസ് പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാരെ നിയമസഭാ അംഗങ്ങളായി പാർപ്പിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ ഒരു വിഭാഗം അവരെ പിന്തുണയ്ക്കുന്നു.
എന്നാൽ സിപിഎം എംഎൽഎ മുകേഷിനെതിരെയും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്തിട്ടുണ്ട്. എൽഡിഎഫ് സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന കോൺഗ്രസിൻ്റെ വ്യാജ ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയമാണ് ഇത് വ്യക്തമാക്കുന്നത്." ബൃന്ദ കാരാട്ട് ലേഖനത്തിൽ കുറിച്ചു.
അതേസമയം എംഎൽഎ മുകേഷിൻ്റെ വിഷയം സംസ്ഥാനത്ത് വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചിട്ടില്ലെന്നും, അതുകൊണ്ട് മുകേഷിൻ്റെ രാജി ആവശ്യമില്ലെന്നുമാണ് ഇതുവരെയുള്ള സിപിഎം നിലപാട്. മുകേഷ് രാജിവെക്കുന്നതാണ് ഉചിതമെന്ന സിപിഐ നിലപാട് സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യും. നാളെ സിപിഎം സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്.
മുകേഷിനെതിരായ ആരോപണം ഉയർന്ന വന്നതു മുതൽ എംഎൽഎ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ എന്ത് തീരുമാനം സ്വീകരിക്കുമെന്നത് ഏറെ നിർണായകമാണ്.