ബ്രിട്ടൻ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. ഋഷി സുനക് സർക്കിൻ്റെ ഭരണകാലാവധി കഴിയാൻ എട്ട് മാസം ബാക്കിനിൽക്കെ പ്രധാനമന്ത്രി തന്നെ ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.1945ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടൻ ജൂലൈ മാസത്തിൽ പോളിങ്ങ് ബൂത്തിലേക്കെത്തുന്നത് . പ്രചാരണത്തിനായി ഇനി ബാക്കിയുള്ളത് വെറും ആഴ്ചകൾ മാത്രമാണ് . ഭരണ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിക്കും പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്കും പുറമെ നാല് പ്രധാന പാർട്ടികളാണ് ബ്രിട്ടീഷ് പാർലിമെൻ്റിലെ 650 സീറ്റുകളിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്. അറിയാം ഇത്തവണത്തെ ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ ഗോദയിലെത്തുന്ന പാർട്ടികളെ കുറിച്ചും അവരുടെ തിരഞ്ഞെടുപ്പ് സമീപനത്തെ കുറിച്ചും..
കൺസർവേറ്റീവ് പാർട്ടി
രാജ്യത്തെ ഏറ്റവും പ്രായമുള്ള പാർട്ടിയാണ് കൺസർവേറ്റീവ് പാർട്ടി. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ സാധാരണയായി ടോറികൾ എന്ന് അറിയപ്പെടുന്നു. നീലനിറമുള്ള മരമാണ് കൺസർവേറ്റീവ് പാർട്ടിയുടെ ചിഹ്നം. നിലവിലെ ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക് ആണ് കൺസർവേറ്റീവ് പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ്. 1834ൽ ടോറി പാർട്ടിയിൽ നിന്നാണ് കൺസർവേറ്റീവ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. 2010 മുതൽ രാജ്യത്തിൻ്റെ ഭരണം പാർട്ടിയുടെ കൈകളിലാണ്. പാർട്ടിയുടെയും പ്രതിപക്ഷത്തിൻ്റെയും പ്രധാന പ്രചാരണായുധം ഇതാണെന്നതാണ് കൗതുകം. കഴിഞ്ഞ പതിനാല് വർഷമായി ഭരണത്തിലുള്ള തങ്ങൾക്ക് മറ്റ് പാർട്ടികളേക്കാൾ ബ്രിട്ടനെ കൂടുതലറിയാമെന്നാണ് ടോറികളുടെ പക്ഷം. എന്നാൽ പാർട്ടിയിൽ നിന്നും പ്രധാനമന്ത്രി സ്ഥാനത്തെത്തിയ രണ്ട് പേർ വ്യത്യസ്ത രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാതലത്തിൽ 2022ൽ രാജി വെക്കേണ്ടി വന്നത് പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാരായ മൈക്കൽ ഗോവെ,ആൻഡ്രിയ ലീഡ്സം എന്നിവർ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെ ടോറികൾ വീണ്ടും സമ്മർദ്ദത്തിലായി. ഭരണത്തിലേക്ക് യുവനേതാക്കളെത്തണമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മത്സരിക്കാനില്ലെന്ന് നേതാക്കൾ അറിയച്ചത്. ഈ ക്ഷീണമെല്ലാം പരിഹരിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് കാമറൂൺ പ്രചാരണത്തിനെത്താൻ സാധ്യതയുണ്ട്. പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പ് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിൽ പോലും ഋഷി സുനക് ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങികഴിഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന പണപെരുപ്പം തടയാൻ തൻ്റെ പാർട്ടിക്ക് മാത്രമെ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്ഥാവന. എന്നാൽ ഇത്തവണ ബ്രിട്ടൻ മാറി ചിന്തിക്കുമെന്നാണ് ഒപ്പീനിയൻ പോളുകൾ പറയുന്നത്.
ലേബർ പാർട്ടി
നിലവിൽ ബ്രിട്ടീഷ് പ്രതിപക്ഷ പാർട്ടിയാണ് ലേബർ പാർട്ടി . കടും ചുവപ്പ് കൊടി ഔദ്യോഗിക ചിഹ്നമാക്കിയ പാർട്ടിക്ക് ഏകദേശം 124 വർഷം പഴക്കമുണ്ട് . 19ാം നൂറ്റാണ്ടിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനവും നിന്നും സോഷ്യലിസ്റ്റ് പാർട്ടികളുമാണ് ലേബർ പാർട്ടിയുടെ രൂപീകരണത്തിന് പ്രചോദനമായത് . എന്നാൽ 1979 പാർട്ടിക്കുള്ളിലെ വലത് ഇടത് പക്ഷങ്ങൾ തമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ ആരംഭിച്ചു. ഇതോടെ ഭരണപക്ഷത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട ലേബർ പാർട്ടി 1994ലെ ന്യൂ ലേബർ എന്ന ആശയത്തോടെയാണ് വീണ്ടും ശക്തിയാർജിക്കുന്നത്. പിന്നീട് ടോണി ബ്ലെയറിൻ്റെ കീഴിൽ പത്ത് വർഷത്തോളം ലേബർ പാർട്ടി ഭരണം തുടർന്നു. എന്നാൽ ലേബർ പാർട്ടി നേതാവ് ഗോർഡൻ ബ്രൗണിൻ്റെ ഭരണകാലത്ത് പാർട്ടിയുടെ അംഗസഖ്യ ക്രമാതീതമായി കുറഞ്ഞിരുന്നു. പിന്നീടാണ് കൺസർവേറ്റീവ് പാർട്ടി ബ്രിട്ടീഷ് ഭരണം കൈക്കലാക്കുന്നത്. 14 വർഷമായുള്ള ടോറി ഭരണത്തിലെ ന്യൂനതകൾ ചൂണ്ടികാട്ടി ഭരണപക്ഷത്തെ പ്രതിരോധിക്കാനാണ് കെയിർ സ്റ്റാമറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ തീരുമാനം . ഒപ്പം പുതിയ വീടുകൾ നഗരങ്ങളും നിർമ്മിക്കാനുള്ള പദ്ധതികളും പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ഒപ്പീനിയൻ പോളുകൾ ലേബർ പാർട്ടിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
ലിബറൽ ഡെമോക്രാറ്റ്സ്
രാജ്യത്തെ മറ്റൊരു പ്രധാന പാർട്ടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി. മഞ്ഞ നിറമുള്ള സ്വാതന്ത്രത്തിൻ്റെ പക്ഷിയാണ് പാർട്ടിയുടെ ചിഹ്നം. വെറും 36 വർഷങ്ങൾക്ക് മുൻപ് രൂപീകരിച്ച പാർട്ടിക്ക് 1992ലെ പൊതുതിരഞ്ഞെടുപ്പോടുകൂടി തന്നെ രാജ്യത്തെ ഏറ്റവുമധികം വോട്ടുനേടുന്ന മൂന്നാമത്തെ പാർട്ടിയായി മാറാൻ കഴിഞ്ഞിട്ടുണ്ട്. ലേബർ പാർട്ടിയിൽ നിന്നും വിഭജിച്ച് രൂപീകൃതമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ലിബറൽ പാർട്ടിയും കൂടിചേർന്നാണ് ലിബറൽ ഡെമോക്രാറ്റ്സ് രൂപീകൃതമാവുന്നത്. എഡ്വേർഡ് ജൊനാതൻ ഡേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ഇത്തവണ ശക്തമായ പ്രചാരണങ്ങളിലൂടെ കൂടുതൽ സീറ്റുകൾ നേടാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ പാർട്ടിക്ക് മുപ്പതിലധികം സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
എസ് എൻ പി
പ്രധാനമായും സ്കോട്ടിഷ് മേഖലയിൽ ആധിപത്യമുള്ള പാർട്ടിയാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി അഥവാ എസ് എൻ പി. ഹൗസ് ഓഫ് കോമൺസിൻ്റെ 59 സ്കോട്ടിഷ് സീറ്റുകളിൽ 43ലും എസ്എൻപി പ്രാതിനിധ്യമാണുള്ളത്. ജോൺ സ്വിന്നിയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നേതാവ്. എന്നാൽ ഇത്തവണ പാർട്ടിയുടെ വോട്ടിങ്ങ് ശതമാനം കുറയുമെന്നാണ് റിപ്പോർട്ടുകൾ.
റിഫോം യുകെയും ഗ്രീൻ പാർട്ടിയും
തിരഞ്ഞെടുപ്പ് ചിത്രത്തിലുണ്ടെങ്കിലും വലിയ അനക്കങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയ ഈ രണ്ടു പാർട്ടികളുടെയും പ്രധാന ലക്ഷ്യം വോട്ട് ശതമാനെ ഉയർത്തുകയെന്നത് തന്നെയാണ്. 2018ൽ രൂപീകരിച്ച വലതുപക്ഷപാർട്ടിയാണ് റിഫോം യുകെ. ബ്രിട്ടനിലെ വോക്ക് കൾച്ചറിനെ കുറിച്ചും കുടിയേറ്റത്തെകുറിച്ചും സംസാരിച്ച് വോട്ട് നേടാനാകും ഇത്തവണ പാർട്ടി ശ്രമിക്കുക. ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ, ഗ്രീൻ പൊളിടിക്സ് എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രീൻ പാർട്ടിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം എത്രകണ്ട് ഉയർത്താൻ സാധിക്കുമെന്നത് കാത്തിരുന്നു കാണണം. പ്രചാരണത്തിനായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാക്ക് പൊളസ്കിയെ പരമാവധി ഉപയോഗിക്കാനാണ് പാർട്ടി തീരുമാനം.