NEWSROOM

അതിർത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി ബിഎസ്എഫ്

വലിയ ഒരു നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി അതി‍ർത്തി രക്ഷാ സേന തന്നെയാണ് സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെ, ജമ്മു കാശ്മീരിലെ സാംബാ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഭീകരവാദികൾ എന്ന് സംശയിക്കപ്പെടുന്നവരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി അതി‍ർത്തി രക്ഷാ സേന തന്നെയാണ് സ്ഥിരീകരിച്ചത്.


"2025 മെയ് 8 ന് ഏകദേശം 2300 മണിക്കൂറോടെ, ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഒരു വലിയ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി," അതിർത്തി രക്ഷാ സേന എക്സിലൂടെ അറിയിച്ചു. സുരക്ഷാ സേനയുമായി നടന്ന വെടിവെപ്പിൽ ഏതെങ്കിലും ഭീകരവാദി കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. രാവിലെ പ്രദേശത്ത് സമഗ്രമായ തിരച്ചിലിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

പഞ്ചാബിലെ പത്താൻകോട്ട് പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമ സേനാ ജെറ്റിനെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി എഎൻഐ റിപ്പോ‍ർട്ട് ചെയ്തിരുന്നു. എന്നാൽ, സൈന്യം ഇത് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ജമ്മുവിലെ നൗഷേര സെക്ടറിൽ ഇന്ത്യൻ സൈന്യം രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.


അതിർത്തിയോട് ചേർന്നു കിടക്കുന്ന ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക് ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണത്തോട് ഇന്ത്യൻ സായുധ സേന വിജയകരമായി പ്രതികരിച്ചുവെന്നും ജീവഹാനിയില്ലെന്നും ഹെഡ്ക്വാർട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് അറിയിച്ചു. ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും പാകിസ്ഥാൻ തലസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന ന​ഗരങ്ങളും കറാച്ചി തുറമുഖവും കേന്ദ്രീകരിച്ച് പ്രത്യാക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. കറാച്ചി തുറമുഖം ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിക്രാന്ത് പൂർണമായി തകർത്തുവെന്നും തുടർ ആക്രമണങ്ങൾക്ക് 26ഓളം പടക്കപ്പലുകൾ സജ്ജമാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യം സൈന്യമോ പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT