ചെന്നൈയിൽ ബിഎസ്‌പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് തലവൻ ആംസ്ട്രോങ്ങിനെ ബൈക്കിലെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം ഗുണ്ടാസംഘത്തിലെ ആർക്കോട് സുരേഷിനെ കൊലപ്പെടുത്തിയതിന് പ്രതികാരമെന്നോളമാണ് ബിഎസ്‌പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിൻ്റെ നിഗമനം.
ആക്രമണകാരികൾ ഭക്ഷണ വിതരണ ഏജൻ്റുമാരാണെന്ന സംശയമുണ്ട്. എന്നാൽ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലാകെ പ്രതിഷേധം ഉയരുകയാണ്. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായി ആഞ്ഞടിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും, അതിൻ്റെ തെളിവാണ് കൊലപാതകമെന്നും ആരോപണം ഉയർന്നു.
അഭിഭാഷകനായ ആംസ്ട്രോങ് 2006ലാണ് ചെന്നൈ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വർഷം മുമ്പ് ചെന്നൈയിൽ വെച്ച് നടന്ന മെഗാ റാലിയിൽ ബിഎസ്‌പി അധ്യക്ഷ മായാവതിയെ ക്ഷണിക്കുകയും ചെയ്തതോടെ ആംസ്ട്രോങ് ആളുകൾക്കിടയിൽ പ്രശസ്തനായി. ആംസ്ട്രോങിൻ്റെ കൊലപാതകം അങ്ങേയറ്റം അപലപനീയവും ദാരുണവുമാണെന്ന് മായാവതി എക്‌സിൽ കുറിച്ചു.