മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ കൊറിയന്‍ പോപ് ബാന്‍ഡ് ബിടിഎസ് താരം ഷുഗയ്ക്ക് 9 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി കോടതി. സോള്‍ വെസ്റ്റേണ്‍ ജില്ലാ കോടതിയാണ് പിഴ ചുമത്തിയത്. മദ്യപിച്ച് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ചെന്നാണ് ഷുഗയ്ക്കെതിരായ കേസ്.
മദ്യപിച്ച് വാഹനം ഓടിച്ച സംഭവത്തില്‍ താരം ഖേദപ്രകടനം നടത്തിയിരുന്നു. അശ്രദ്ധമായ തെറ്റായ പെരുമാറ്റം എന്നായിരുന്നു താരം സ്വന്തം പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഷുഗയുടെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിരുന്നു.
15 മില്യണ്‍ കൊറിയന്‍ വോണ്‍ ആണ് കോടതി പിഴയായി ചുമത്തിയത്. സംഭവത്തില്‍ ലോകം മുഴുവനുമുള്ള ബിടിഎസ് ആരാധകരും ഞെട്ടലിലായിരുന്നു. പൊതുസ്ഥലത്ത് മാന്യമായ പെരുമാറ്റത്തിന് പേര് കേട്ടവരാണ് ബിടിഎസ് താരങ്ങള്‍. താരങ്ങളുടെ നല്ല വശങ്ങള് മാത്രമാണ് സാധാരണനിലയില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്താറുള്ളത്.
Also Read: ഒളിച്ചുകളിച്ച് ഹനുമാൻ കുരങ്ങുകൾ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കാണാതായ കുരങ്ങുകൾക്കായി തെരച്ചിൽ
ബിടിഎസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വി, ജങ്കൂക്ക് എന്നിവര്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, മദ്യപിച്ച് വാഹനമോടിച്ച ഷുഗയുടെ പ്രവര്‍ത്തിയില്‍ ആരാധകര്‍ അല്പം പ്രകോപിതരായി. ചിലര്‍ അല്പം കടന്ന്, ബിടിഎസിന്റെ ആസ്ഥാനമായ ഹൈബിന്റെ ഓഫീസിനു മുന്നില്‍ പുഷ്പ ചക്രങ്ങള്‍ കൊണ്ടിട്ടു. ഷുഗ ബാന്‍ഡ് ഉപേക്ഷിച്ച് പോകണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.