പരാജയപ്പെട്ട കമ്യൂണിസ്റ്റ്, ചുവടുപിഴച്ച ഭരണാധികാരി. ഈ രണ്ട് കുറ്റാരോപണങ്ങളിൽ നിന്നു മോചനമില്ലാതെയാണ് ബുദ്ധദേബ് ഭട്ടാചാര്യ വിടവാങ്ങുന്നത്. എന്നാൽ അതിനൊക്കെ അപ്പുറം ബംഗാളിനെ കൊടിയ ദാരിദ്രത്തിൽ നിന്നും ഭക്ഷ്യക്ഷാമത്തിൽ നിന്നും മോചിപ്പിച്ച ദീർഘദർശിയായ നേതാക്കളുടെ പട്ടികയുടെ മുൻനിരയിൽ എക്കാലവും ബുദ്ധദേബ് ഉണ്ടായിരുന്നു.
ജ്യോതിബസുവിന്റെ ഈ അന്ത്യയാത്രയിലാണ് ബുദ്ധദേബിന്റെ സർവസ്വതന്ത്രമായ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. മൂന്നുപതിറ്റാണ്ടു നിന്ന ബസുവിന്റെ തണലിൽ നിന്ന് ബുദ്ധദേബിന്റെ നിഴലിലേക്കു ബംഗാൾ സിപിഐഎം മാറിയ നിമിഷം. എന്നും അതിവേഗക്കാരനായിരുന്നു ബുദ്ധദേബ്.
ആരായാരുന്നു ബുദ്ധദേബ് എന്നു ചോദിച്ചാൽ 11 വർഷം ബംഗാൾ മുഖ്യമന്ത്രി എന്നാണ് ആദ്യ വിശേഷണം. 29 വർഷം നിയമസഭാംഗം, 6 തവണ മന്ത്രി. 1999 മുതൽ ഒരുവർഷം ഉപമുഖ്യമന്ത്രി. ജനനം 1944 നവംബർ 6ന് കൊൽക്കത്തയിൽ.വിപ്‌ളവ കവി സുകാന്ത ഭട്ടാചാര്യ വല്യച്ഛൻ. ബുദ്ധദേബിന്റെ മൂലകുടുംബം ഇന്നത്തെ ബംഗ്‌ളാദേശിൽ. ബംഗാളി സാഹിത്യത്തിലെ ബിരുദധാരി 1968ൽ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയായതോടെയാണ് സംസ്ഥാന ശ്രദ്ധയിൽ എത്തുന്നത്. അന്നു കേരളത്തിൽ കെവൈഎഫിന്‍റെ സെക്രട്ടറി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം രാഷ്ട്രീയത്തിൽ ഇരുവരും സമകാലികരും സമാന ചിന്താഗതിക്കാരും.
ബുദ്ധദേബ് ഭട്ടാചാര്യ എന്ന മുൻമുഖ്യമന്ത്രി അഞ്ചുവർഷം മുൻപ് 2015 ൽ കൊൽക്കൊത്തയിൽ സംസാരിക്കുന്നതാണ് ദൃശ്യം. വേദിയിൽ തൊട്ടുപിന്നിൽ ഇരിക്കുന്നത് പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. പാർട്ടി സമ്മേളനത്തിനെത്തിയ ജനതയോട് തൃണമൂലിനെ തോൽപ്പിക്കൂ ബംഗാളിനെ രക്ഷിക്കൂ എന്ന് മുദ്രാവാക്യം പറയാൻ പഠിപ്പിക്കുകയാണ് ബുദ്ധദേബ്.
എങ്ങനെ ബുദ്ധദേബ് വിവാദത്തിലായി. 2006ൽ കൊൽക്കൊത്തയിൽ സാൾട്ട് ലേക്ക് സിറ്റിക്കായി സർക്കാർ സ്ഥലം വിട്ടുകൊടുത്തത് ആദ്യ വിവാദം. ബുദ്ധദേബിനു വീഴ്ച പറ്റി എന്നു ഹൈക്കോടതി വരെ കണ്ടെത്തിയ സംഭവം. പിന്നാലെ സിംഗൂരിൽ ടാറ്റയുടെ നാനോ പ്‌ളാന്റിനായി സ്ഥലമേറ്റെടുക്കാനുള്ള ചടുലനീക്കങ്ങൾ. സാധാരണക്കാരുടെ ഭാഗംപോലും കേൾക്കാതെ മുതലാളിമാർക്കൊപ്പം നിൽക്കുന്ന മുഖ്യമന്ത്രി എന്ന വലിയ പഴിയും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേൾക്കേണ്ടി വന്ന നിമിഷം.
24 വർഷം ജയിച്ച യാദവപൂരിൽ സ്വന്തം ചീഫ് സെക്രട്ടറി ആയിരുന്നയാളോട് തോറ്റായിരുന്നു ബുദ്ധദേബിന്‍റെ പടിയിറക്കം. അതും 16,500 വോട്ടിന്. പാർട്ടിയുടെ പതനം ബുദ്ധദേബിന്‍റെ കാലത്ത് ഉണ്ടായെന്നു വിലയിരുത്തപ്പെട്ടെങ്കിലും വ്യക്തിപരമായി ഒന്നും സമ്പാദിച്ചിരുന്നില്ല ബുദ്ധദേബ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം കഴിഞ്ഞ 13 വർഷവും ജീവിച്ചത് ചെറിയ ഫ്ലാറ്റിലാണ്. അവിടെ പുസ്തകങ്ങൾ കൂട്ടിയിട്ട മുറിയിലിരുന്ന് 13 പുസ്തകങ്ങൾ എഴുതി. കാഴ്ച കുറഞ്ഞപ്പോൾ മാഗ്നിഫയിങ് ഗ്ലാസ് ഉപയോഗിച്ചായി എഴുത്തും വായനയും.
വർഗീയതയും വംശീയതയും വളർന്നു വിഭജിക്കപ്പെട്ട സമൂഹത്തിൽ തോറ്റുപോയ ആളാണ് ബുദ്ധദേബ്, അതേ തോൽവിയാണ് പിന്നെ ത്രിപുരയിലും ആവർത്തിച്ചത്. സർവപ്രതാപത്തിൽ വാണിരുന്ന പാർട്ടിയുടെ കഥകഴിച്ചയാൾ എന്ന ദുഷ്‌പേര് ബുദ്ധദേബിൽ നിന്ന് മാറിയ വർഷങ്ങളിലായിരുന്നു ആ അവസാനകാല ജീവിതം.