ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കേന്ദ്ര ബജറ്റ്. പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് ഊന്നല്‍ നല്‍കാനുള്ള ശ്രമങ്ങളും ബജറ്റില്‍ നല്‍കിയിരിക്കുന്നു. ആണവോര്‍ജ്ജ രംഗത്ത് കൂടുതല്‍ വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ചെറുകിട, അനുബന്ധ ആണവ റിയാക്ടറുകള്‍ വികസിപ്പിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
തന്ത്രപരമായ മാറ്റമാണ് ആണവോര്‍ജ രംഗത്ത് ബജറ്റിലൂടെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പരമ്പരാഗത വന്‍കിട റിയാക്ടറുകള്‍ക്ക് പകരം ആണവോര്‍ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ചെറുകിട റിയാക്ടറുകള്‍ നിര്‍മിക്കും. പ്രത്യേക ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് തയ്യാറാക്കുന്ന ആണവ നിലയങ്ങള്‍ വികസിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിനായി സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഭാരത് സ്മാള്‍ റിയാക്‌റ്റേഴ്‌സ് എന്ന പേരിലാണ് ഇവ നിര്‍മിക്കുക.
അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി രൂപീകരിക്കും. എന്‍ടിപിസി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്. ഈ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 800 മെഗാവാട്ട് വാണിജ്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. താപവൈദ്യുത രംഗത്ത് കാര്യമായ പുരോഗതി കൈവരിക്കാനും ഇത് സഹായകമാകുമെന്നാണ് ധനമന്ത്രി വിലയിരുത്തുന്നത്. 19,100 കോടിയാണ് പുതിയ പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.