മുദ്ര സ്കീമിന് കീഴിലുള്ള വായ്പ പരിധി ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. നിലവില്‍, 10 ലക്ഷം രൂപയാണ് മുദ്ര സ്കീമിൽ വായ്പയായി നൽകുന്നത്. ഇനിമുതൽ 20 ലക്ഷം രൂപയാകും പദ്ധതി വഴി വായ്പ ലഭിക്കുകയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതുകൂടാതെ രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇകൾ) ഈടില്ലാതെ വായ്പ നൽകും. എംഎസ്എംഇ ക്ലസ്റ്ററുകളിൽ പ്രത്യേക സിഡ്ബി ശാഖകളും തുടങ്ങും. കൂടാതെ പ്രത്യേക സഹായ ഫണ്ടായി ആയിരം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
ALSO READ : ബിഹാറിനും ആന്ധ്രയ്ക്കും ധനമന്ത്രിയുടെ തലോടല്‍; ജനപ്രിയമാണോ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്?
എംഎസ്എംഇകൾക്ക് സമ്മർദ കാലഘട്ടത്തിൽ വായ്പ ലഭ്യത ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പ്രോത്സാഹന സഹായങ്ങളും നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയിലെ 50 മൾട്ടി-പ്രൊഡക്ട് റേഡിയേഷൻ യൂണിറ്റുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകളും ബജറ്റിലുണ്ട്. ഇതോടപ്പം പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വിൽക്കാനാവശ്യമായ പൊതു-സ്വകാര്യ പങ്കാളിത്ത കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
എന്താണ് പ്രധാനമന്ത്രി മുദ്ര യോജന?
രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് 2015ൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. ഇതു പ്രകാരം രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി വായ്പ നൽകിയിരുന്നത്. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് വായ്പ ലഭിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5.4 ലക്ഷം കോടി രൂപയുടെ മുദ്ര വായ്‌പകളാണ് സർക്കാർ അനുവദിച്ചിരുന്നത്.
ഇന്ത്യൻ പൗരനായ, വായ്പ എടുക്കാൻ അർഹതയുള്ള ഏതു ചെറുകിട സംരംഭകനും പ്രധാനമന്ത്രി മുദ്ര യോജനയ്ക്കായി അപേക്ഷിക്കാം. എന്നാൽ അപേക്ഷകൻ തന്റെ ബിസിനസ് ആരംഭിച്ചിട്ട് ഏകദേശം മൂന്ന് വർഷമെങ്കിലും ആകണം. മുൻപ് എടുത്തതും, ലഭിച്ചതുമായ വായ്പ തിരിച്ചടവുകളിൽ പിഴവ് വരുത്തരുത്. കൂടാതെ സംരംഭകൻ 24 മുതൽ 70 വയസ് വരെ പ്രായമുള്ള ആളായിരിക്കണമെന്നതും വ്യവസ്ഥയുണ്ട്. ഇത്രയും യോഗ്യതയുള്ള ആർക്കും മുദ്ര വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.