ഉത്തർ പ്രദേശിലെ ലഖ്നൗവിൽ മൂന്ന് നില കെട്ടിടം തകർന്നു വീണ് വൻ അപകടം. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർ സർവീസ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നാല് വർഷം പഴക്കമുള്ള ബിൽഡിംഗാണിത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാനായി ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അമിതാഭ് യാഷ് പിടിഐയോട് പറഞ്ഞു.
READ MORE: IMPACT | സര്ക്കാര് ആശുപത്രികളിലെ സിനിമ ഷൂട്ടിങ് പൂർണമായും ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ
"എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർ സർവീസ്, മുനിസിപ്പൽ കോർപ്പറേഷൻ, ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെൻ്റ്, മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റ് എന്നിവയിലെ ഉദ്യോഗസ്ഥർ ദുരിതാശ്വാസത്തിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുകയാണ്. 24 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിർഭാഗ്യവശാൽ ഈ സംഭവത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു,” അമിതാഭ് യാഷ് പറഞ്ഞു.