റോഡിലെ കുണ്ടും കുഴിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് കയർത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന പാതകളുടെ ശോചനീയാവസ്ഥ ഉയർത്തിയായിരുന്നു മന്ത്രിയുടെ വിമർശനം. നിർമ്മാണ ജോലികൾ വൈകിയാൽ ഒരു ദയയും ഉണ്ടാകില്ലെന്നും എത്ര ഉന്നതരാണെങ്കിലും ഇരിക്കുന്ന കസേരയിൽ തുടരാനാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
തൃശൂർ - കുറ്റിപ്പുറം , തൃശൂർ - കൊടുങ്ങല്ലൂർ പാതകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കാൻ പൊതുമാരാമത്ത് വകുപ്പ് തീരുമാനിച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ ചേംബറിൽ നടന്ന യോഗത്തിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ മന്ത്രി ശകാരാമുയർത്തിയത്.
സംസ്ഥാന പാതകളുടെ നവീകരണവും നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദേശിച്ച മന്ത്രി നിർമാണപ്രവർത്തനങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ വകുപ്പ് സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തു. ഇതിൻ്റെ നോഡൽ ഓഫീസറായി കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറെ നിയമിക്കും . ചീഫ് എൻജിനീയർ സ്ഥലങ്ങൾ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് കൈമാറണം, ആവശ്യമായ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നത്.
കുണ്ടും കുഴിയും നിറഞ്ഞ സംസ്ഥാനപാതകളിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനം റൂട്ട് മാറ്റിയാണ് സഞ്ചരിച്ചത്. ഇതിന് പിന്നാലെ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചതും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരാൻ ഇടയാക്കി. ഇതോടെയാണ് തൃശൂർ ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെയും എം.എൽഎമാരെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.