NEWSROOM

എം.ടിയുടെ വീട്ടിലെ മോഷണം: ആഭരണങ്ങള്‍ കവര്‍ന്നത് നാല് വര്‍ഷത്തിനിടെ; കോഴിക്കോട്ടെ മൂന്ന് ജ്വല്ലറികളില്‍ വിറ്റു

നഷ്ടമായത് 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവന്‍ സ്വര്‍ണം

Author : ന്യൂസ് ഡെസ്ക്

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാലുവര്‍ഷത്തിനിടെയാണ് പ്രതികള്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവന്‍ സ്വര്‍ണം മോഷ്ടിച്ചതെന്ന് നടക്കാവ് എസ്എച്ച്ഒ എന്‍ പ്രജീഷ് പറഞ്ഞു.

മോഷ്ടിച്ച സ്വര്‍ണം പ്രതികളായ പാചകക്കാരി ശാന്തയും ബന്ധു പ്രകാശനും കോഴിക്കോട് നഗരത്തിലെ മൂന്ന് ജ്വല്ലറികളിലായാണ് വിൽപ്പന നടത്തിയത്. ഞായറാഴ്ച ആയതിനാല്‍ തൊണ്ടിമുതല്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പ് നടത്തുമെന്നും എസ്എച്ച്ഒ എന്‍ പ്രജീഷ് പറഞ്ഞു.

ALSO READ : എം.ടിയുടെ വീട്ടിലെ കവര്‍ച്ച: മോഷ്ടിച്ച സ്വർണം പലയിടത്തായി വില്പന നടത്തിയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് പ്രതികൾ

കഴിഞ്ഞയാഴ്ചയാണ് എം.ടിയുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വർണം മോഷണം പോയത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ 'സിത്താര' വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണുണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ തന്നെ ഉണ്ട്.

SCROLL FOR NEXT