ഫ്രാൻസിലെ ബുർക്കിന ഫാസോയിലെ ബർസലോഗോ പട്ടണത്തിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 600 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളും ആയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 24 ന് ഗ്രാമവാസികൾ സംരക്ഷണ കിടങ്ങുകൾ കുഴിക്കുന്നതിനിടെയാണ് അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ ( ജെഎൻഐഎം ) അംഗങ്ങൾ ഇത്രയും ഭീകരമായ വെടിവെപ്പ് നടത്തുന്നത്. 2015 മുതൽ ജിഹാദി കലാപങ്ങളാൽ വലയുന്ന ബുർക്കിന ഫാസോയുടെ കലുഷിതമായ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവങ്ങളിലൊന്നാണ് ഈ ആക്രമണം.
സായുധരായ അക്രമകാരികൾ മോട്ടോർ ബൈക്കുകളിൽ സംഭവ സ്ഥലത്തെത്തി സുരക്ഷാ ട്രെൻജുകൾ കുഴിച്ചുകൊണ്ടിരുന്നവരെ യാതൊരു ദയയും കൂടാതെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്ന സാക്ഷിമൊഴിയെ ഉദ്ധരിച്ചുകൊണ്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. "രക്ഷപ്പെടാൻ ഞാൻ കിടങ്ങിനുള്ളിലേക്ക് ഇഴഞ്ഞുകയറി. പക്ഷെ അക്രമികൾ അവിടേക്കും ഇരച്ചുകയറി." സംഭവത്തെ അതിജീവിച്ച ഒരാൾ തന്‍റെ അനുഭവം വിവരിച്ചത് ഇങ്ങനെയായിരുന്നു. "അയാൾ കൂട്ടിച്ചേർത്തു, ആ വഴികളിലത്രയും രക്തക്കറയായിരുന്നു. അവിടം മുഴുവൻ നിലവിളികളാൽ മുഴങ്ങിയിരുന്നു."
ALSO READ : വടക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണം: ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ട്
200 ഓളം പേർ മരിച്ചു എന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തു വരുന്നതും 600 മരണമെങ്കിലും സംഭവിച്ചിട്ടുണ്ട് എന്ന സ്ഥിരീകരണം ലഭിക്കുന്നതും. ഈ ദാരുണമായ സംഭവം ബുർക്കിന ഫാസോയിലെ മോശമായ സുരക്ഷാ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ്. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകൾ അവിടെ നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നും ACLED റിപ്പോർട്ട് ചെയ്യുന്നു.