ജാർഖണ്ഡിലെ ഒന്നാംഘട്ട വോട്ടെടുപ്പിനും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുമൊപ്പം രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാജ്യത്താകമാനമുള്ള 31 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലും ഉത്തരാഖണ്ഡിലെ കേദാർനാഥ് നിയമസഭാ മണ്ഡലത്തിലും പാലക്കാടും നവംബർ 20നാണ് ഉപതെരഞ്ഞെടുപ്പ്.
ജാർഖണ്ഡ്, മഹാരാഷ്ട്രാ നിയമസഭാ വോട്ടെടുപ്പ് ചൂടിലാണ് രാജ്യം. ഒപ്പം പ്രിയങ്കാഗാന്ധി മത്സരിക്കുന്ന വയനാടും രാജ്യം ഉറ്റുനോക്കുന്നു. എന്നാൽ 10 സംസ്ഥാനങ്ങളിലായി 31 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. കേരളത്തിലെ ചേലക്കരയ്ക്ക് പുറമേ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, ബിഹാർ, കർണാടക, മധ്യപ്രദേശ്, ഛത്തിസ്‌ഗഢ്, ഗുജറാത്ത്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ ഒമ്പത് ഇടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് സീറ്റിൽ രാജസ്ഥാനിലും ബംഗാളിൽ ആറിടത്തും, അസമിൽ അഞ്ച് സീറ്റിലും വോട്ടെടുപ്പ് നടക്കുന്നു. ബിഹാറില്‍ നാലിടത്തും കർണാടകയിൽ മൂന്ന് സീറ്റിലും മധ്യപ്രദേശില്‍ രണ്ടിടത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഛത്തിസ്‌ഗഡ്, ഗുജറാത്ത്, മേഘാലയ, എന്നിവിടങ്ങളിൽ ഓരോ സീറ്റിലും ജനം വിധിയെഴുതുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ എന്‍ഡിഎയുടെ മോശം പ്രകടനം വലിയ ചർച്ചയായിരുന്നു. ഇത് രാഷ്ട്രീയപരമായ വിജയമായാണ് ഇന്ത്യ സഖ്യം ഉയർത്തിക്കാട്ടിയത്. ഈ ക്ഷീണം തീർക്കാനുള്ള അവസരമായിട്ടാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നത് . ഒഴിഞ്ഞുകിടക്കുന്ന പത്ത് സീറ്റിൽ മിൽകിപൂർ സംവരണ സീറ്റ് ഒഴികെ ഒന്‍പത് ഇടത്താണ് ഇന്ന് വോട്ടെടുപ്പ്. ചില എംഎൽഎമാർ എംപിമാർ ആയതോടെയാണ് കൂടുതൽ സീറ്റുകളില്‍ ഒഴിവുവന്നത്. സിസാമൗവിൽ സമാജ്‍വാദി പാർട്ടി എംഎൽഎ ക്രിമിനൽ കേസിൽ അയോഗ്യനാക്കപ്പെട്ടതിനാലാണ് ഒഴിവ് വന്നത്. അസമിൽ അഞ്ച് നിയമസഭാംഗങ്ങൾ എംപിമാരായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിൽ ഇത്തവണ എന്‍ഡിഎ- ഇന്ത്യാ സഖ്യം എന്ന രീതിയിലല്ല മത്സരം രംഗം ഒരുങ്ങിയിരിക്കുന്നത്. ബിജെപിക്കെതിരെ എസ്‌പി സ്ഥാനാർഥികളാണ് മാറ്റുരയ്ക്കുന്നത്.
Also Read: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വിധിയെഴുത്തിനായി ജനം ഇന്ന് പോളിങ് ബൂത്തിലേക്ക്
കർണാടകയിൽ ചന്നപട്ടണ, സന്ദൂർ, ഷിഗ്ഗാവ് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നേരിട്ടിറങ്ങിയിരുന്നു. 10,000 തൊഴിലവസരങ്ങൾ ഉൾപ്പെടെ വലിയ വാഗ്ദാനങ്ങളാണ് ബിജെപി ഇവിടെ നൽകിയിരിക്കുന്നത്. കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ബലാത്സംഗക്കൊല കോളിളക്കം സൃഷ്ടിച്ച സമയത്താണ് പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ബിജെപിയും 6 മണ്ഡലങ്ങളിലാണ് ഏറ്റുമുട്ടുന്നത്. ഇതിൽ അഞ്ചും ടിഎംസി ശക്തി കേന്ദ്രങ്ങളാണ്. സിപിഎമ്മും കോൺഗ്രസും വെവ്വേറെ മത്സര രംഗത്തുണ്ട്.
കേദാർനാഥിൽ ബിജെപി എംഎൽഎ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്പൂരിൽ ബിജെപി എംഎൽഎ ബിർജ് മോഹൻ അഗർവാൾ എംപിയായി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ മത്സരം. ഗുജറാത്തിലെ വാവ്, മേഘാലയയിലെ ഗാംബെഗ്രെ മണ്ഡലവും വോട്ടെടുപ്പ് തിരക്കിലാണ്. മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംഗ്മയുടെ ഭാര്യയാണ് ഇവിടെ സ്ഥാനാർഥി. 10 സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളുടെ ജനവിധി നവംബർ 23 ന് അറിയാം.