പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ. സിപിഎമ്മിന് സ്വന്തമായി സ്ഥാനാർഥിയെ പോലും കിട്ടാത്ത അവസ്ഥ. ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും സിപിഎം ശോഷിച്ച് ഇല്ലാതാവുകയാണെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. ന്യൂസ് മലയാളം 'BIG By' ക്രോസ് ഫയറിലാണ് സി. കൃഷ്ണകുമാറിൻ്റെ പ്രതികരണം.
ALSO READ: താൻ പറഞ്ഞത് ഇടത് ആശയങ്ങളാണെന്ന് പ്രവർത്തകർക്ക് ബോധ്യപ്പെട്ടതിൻ്റെ തെളിവായിരുന്നു റോഡ് ഷോയിലെ ജനപങ്കാളിത്തം: പ്രചരണം ശക്തമാക്കി പി. സരിൻ
ശോഭ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ശോഭ സുരേന്ദ്രന് വേണ്ടി ഫ്ലക്സ് ഉയർന്നതിൽ അസ്വാഭാവികത ഒന്നുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ശോഭയെ സ്ഥാനാർഥിയാക്കി നിർത്തണമെന്നാവശ്യപ്പെട്ട് കത്തെഴുതിയോ? കേന്ദ്ര നേതാക്കൾ അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം അറിയിച്ചിട്ടുണ്ടാകും. ബിജെപി നേതാക്കൾ എല്ലാവരും ഒറ്റക്കെട്ടാണ്. മറിച്ചുള്ള പ്രചരണങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. പാലക്കാടിൻ്റെ സമഗ്ര വികസനമാണ് ലക്ഷ്യം. സ്ഥാനാർഥി പ്രഖ്യാപനം വൈകിയില്ലെന്നും കേന്ദ്ര സർക്കാരിൻ്റെ വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്ന നിലയിലുള്ള ആനുകൂല്യവും തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2016 ൽ യുഡിഎഫിനെ ജയിപ്പിച്ചത് സിപിഎം-യുഡിഎഫ് ഡീലിൻ്റെ ഭാഗമായി. 2019 ൽ എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയത് സിപിഎമ്മിലെ ഒരു വിഭാഗവും യുഡിഎഫും, 2021 ൽ ഈ ശ്രീധര മേനോനെ പരാജയപ്പെടുത്തിയതും ഇതേ ഡീലിൻ്റെ ഭാഗമായാണ്. സിപിഎം - യുഡിഎഫ് ഡീലാണ് സ്ഥിരമായി നടക്കുന്നതെന്നും കൃഷ്ണകുമാർ ആരോപിച്ചു.