C A Muhammed Haji 
NEWSROOM

സി എ മുഹമ്മദ് ഹാജി വധം: നാല് പ്രതികൾക്കും ജീവപര്യന്തം

എല്ലാ പ്രതികളും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് അടക്കത്ത്ബയൽ ബിലാൽ മസ്ജിദിന് സമീപം സി എ മുഹമ്മദ് ഹാജി വധക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ച് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി. എല്ലാ പ്രതികളും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചിട്ടുണ്ട്. സംഭവ സമയത്ത് പ്രായപൂർത്തിയായില്ലെന്ന മൂന്നാം പ്രതിയുടെ വാദവും കോടതി തള്ളിയിരുന്നു. കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക്(36), കെ ശിവപ്രസാദ് ( 40), കെ അജിത് കുമാർ (35), കെ ജി കിഷോർ കുമാർ( 39) എന്നിവരയൊണ് കോടതി ശിക്ഷിച്ചത്.

2008 ലാണ് അടുക്കത്ത് ബിലാൽ മസ്ജിദിന് സമീപത്ത് വെച്ച് മുഹമ്മദ് ഹാജിയെ പിടിച്ച് നിർത്തി കുത്തിക്കൊലപ്പെടുത്തിയത്. അന്നത്തെ കാസർഗോഡ് അഡീഷണൽ എസ് പി.പി ബാലകൃഷ്ണൻ നായർ രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടിയിരുന്നു. 2018 ൽ കേസിൻ്റെ വിചാരണ പൂർത്തിയായിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളോട് ശിക്ഷയിൽ ഇളവ് ലഭിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ സംഭവ സമയത്ത് താൻ മൈനർ ആയിരുന്നവെന്ന് മൂന്നാം പ്രതി അജിത് കുമാർ അറിയിച്ചിരുന്നു. അതിൻ്റെ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിധി പ്രഖ്യാപിക്കുന്നത് 29 ലേക്ക് മാറ്റിയത്.

2008 ൽ കാസർഗോഡ് നടന്ന തുടർച്ചയായ വർഗീയ സംഘർഷങ്ങളിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം നടന്ന വർഗീയ കേസുകളും ഉൾപ്പടെ 11 കേസുകളിൽ 9 കേസുകളിലെ പ്രതികളേയും കുറ്റം തെളിയിക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് വെറുതെ വിട്ടിരുന്നു. പത്താമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി. പതിനൊന്നാമത്തെ കേസായ അഡ്വ, സുഹാസ് വധക്കേസ് ഇപ്പോൾ തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.

SCROLL FOR NEXT