പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വരുന്ന ഡിസംബർ, ജനുവരി മാസങ്ങളിലാണ് താലൂക്ക് തലത്തിൽ അദാലത്ത് നടത്തുക. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ടുള്ള ധനസഹായം, വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം തുടങ്ങിയ പരാതികൾ അദാലത്തിൽ പരിഹരിക്കപ്പെടും. ഭൂമിസംബന്ധമായ പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമികയ്യേറ്റം, അതിർത്തി തർക്കം, വഴി തടസ്സപ്പെടുത്തൽ എന്നിവയും അദാലത്തിൽ ഉന്നയിക്കാം.
സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസവും നിരസിക്കലും പരിഗണിക്കും.കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് കെട്ടിട നമ്പർ, നികുതി എന്നിവയും, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തിൽ പരിഹരിക്കപ്പെടും.
ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ പരാതികൾക്കൊപ്പം ചികിത്സാ ആവശ്യങ്ങൾക്ക്, റേഷൻ കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പൊതുജനങ്ങൾക്ക് ഉന്നയിക്കാം. കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും സമർപ്പിക്കാം. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത് നടത്തുക