വയനാട്ടിലെ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ ഒരേ മനസോടെ രക്ഷാപ്രവർത്തനം നടത്താനും, തുടർപ്രവർത്തനം ഏകോപിതമായി നടത്താനുമാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ ഉപസമിതി ഇവിടെ ഫലപ്രദമായി പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി, വനം വകുപ്പ് മന്ത്രി, പൊതുമരാമത്ത് മന്ത്രി, എസ്‌സി/ എസ്‌ടി മന്ത്രി എന്നിവർ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ ദുരന്തമുണ്ടായ മുണ്ടക്കൈയിൽ നിന്ന് രക്ഷിക്കാൻ പറ്റുന്ന എല്ലാവരെയും രക്ഷിച്ചെടുത്തെന്ന് സൈനിക മേധാവി അറിയിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. "എല്ലാവരും രക്ഷാപ്രവർത്തനത്തിൽ കഴിയാവുന്ന നന്നായി ഇടപെട്ടു. അതിൽ സൈന്യം നടത്തിയ രക്ഷാദൗത്യത്തെ പ്രത്യേകം അഭിനന്ദിക്കുകയാണ്. ആദ്യഘട്ടത്തിൽ തിരിച്ചടിയായത് ആവശ്യമായ മെഷീനറികൾ എത്തിക്കാനാകാത്തത്. ബെയിലി പാലം പണി ഇപ്പോൾ പൂർത്തിയായിട്ടുണ്ടാകും. ഇനി അതിലൂടെ മെഷീനറികൾക്ക് പോകാനായാൽ രക്ഷാപ്രവർത്തനം വേഗത്തിലാകും. ഐഎഎസ് ഉദ്യോഗസ്ഥരായ സാംബശിവറാവു, കൗശിക് എന്നിവർ വയനാട് കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം, ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്നീ മേഖലകളിൽ നേതൃത്വം നൽകും," മുഖ്യമന്ത്രി പറഞ്ഞു.
"ഒരുഭാഗം ചിതറിയ ശരീരങ്ങളാണ് കണ്ടെത്തിയത്. അതിൽ കൂടുതൽ പേരെ തിരിച്ചറിയേണ്ടി വരും. ബോഡി തിരിച്ചറിയുന്ന സ്ഥലങ്ങളിൽ ബന്ധുക്കൾ മാത്രമെ പോകാവൂ. ചത്തൊടുങ്ങിയ മൃതങ്ങളെ കൂട്ടത്തോടെ സംസ്ക്കരിക്കാൻ നടപടി സ്വീകരിക്കും. കൂടാതെ അപകടത്തിൽ വീട് നഷ്ടമായവരുടെ പുനരധിവാസം സംസ്ഥാന സർക്കാർ ഫലപ്രദമായി നടപ്പാക്കും. ക്യാമ്പുകളിൽ കഴിയുന്നവരെ കൂടുതൽ നല്ല നിലയിൽ പുനരധിവസിപ്പിക്കും. ക്യാമ്പുകൾ കുറച്ചുനാൾ കൂടി തുടരേണ്ടി വരും. കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കണം. ക്യാമ്പിനകത്തേക്ക് മാധ്യമങ്ങൾ പോകരുതെന്നും, കാണേണ്ടവരെ പുറത്തേക്ക് വിളിച്ച് സംസാരിക്കാനുള്ള ക്രമീകരണം ഒരുക്കും," മുഖ്യമന്ത്രി പറഞ്ഞു.
"കുട്ടികൾ എവിടെയാണോ അവിടെ വിദ്യാഭ്യാസം നൽകാനുള്ള ക്രമീകരണമാണ് ആദ്യമൊരുക്കുക. ദുരന്തത്തിൽ രക്ഷപ്പെട്ടവർക്ക് ഏറ്റ മാനസികാഘാതം വളരെ വലുതാണ്. ദുരന്തത്തെ അതിജീവിച്ചെത്തിയവർക്ക് കൗൺസിലിങ് ലഭ്യമാക്കും. ക്യാമ്പുകളിലേക്ക് നേരിട്ട് സഹായമെത്തിക്കാൻ അനുവദിക്കില്ല.കാടുകളിൽ താമസിക്കുന്ന ആദിവാസികളെ പുറത്തേക്ക് ആദരവോടെ ക്ഷണിക്കും. അല്ലാത്തവർക്ക് ആവശ്യത്തിന് ഭക്ഷണം ഉറപ്പാക്കും. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെ വിമർശിക്കുന്നവർ അവരുടെ മാനസിക സുഖത്തിന് വേണ്ടി പറയുന്നുവെന്ന് മനസിലാക്കിയാൽ മതി. അത്തരക്കാരെ കണ്ടില്ലെന്ന് നടിച്ചാൽ മതി," മുഖ്യമന്ത്രി വിമർശിച്ചു.