NEWSROOM

PPE കിറ്റ് ഇടപാടിലെ ക്രമക്കേട്: കോവിഡ് കാലത്ത് എൽഡിഎഫിൻ്റെ സമീപനം പുരകത്തുമ്പോൾ വാഴ വെട്ടുന്നതെന്ന് രമേശ് ചെന്നിത്തല

ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന വലിയ കൊള്ള നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കോവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന കണ്ടെത്തലിൽ കോവിഡ് കാലത്ത് നടന്ന തീവെട്ടിക്കൊള്ളയാണ് പുറത്തുവന്നതെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അന്ന് പൊതുജനങ്ങൾക്കിടയിൽ വിശദമായി പറഞ്ഞതാണ്. ആരോഗ്യമന്ത്രിയും വൻ അഴിമതിയാണ് കാണിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് കാലത്ത് പുരകത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണ് എൽഡിഎഫ് ചെയ്തത്. ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന വലിയ കൊള്ള നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതോസമയം, വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പരാതി നൽകി. 10.23 കോടി രൂപയുടെ അധിക ബാധ്യത എങ്ങനെയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയെയും മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെയും, മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

കോവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം ശരിവെച്ച സിഎജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിപിഇ കിറ്റ് ക്രമക്കേടില്‍ സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ച് 28ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയത്. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

SCROLL FOR NEXT