NEWSROOM

സംസ്ഥാനത്ത് പൊതുജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറവെന്ന് സിഎജി റിപ്പോർട്ട്

കെഎംഎംസിഎല്ലിന് എതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമായി ഉയരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്

Author : ന്യൂസ് ഡെസ്ക്


പൊതുജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറവെന്ന് ഞെട്ടിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്. ഇന്ന് നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പൊതുജനാരോഗ്യ മേഖലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിമർശനമുണ്ട്.

കെഎംഎംസിഎല്ലിന് എതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമായി ഉയരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നും ടെണ്ടർ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്നും സിഎജി റിപ്പോർട്ട് വിമർശിക്കുന്നു. നാല് മെഡിക്കൽ കോളേജിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസം നേരിട്ടുവെന്നും വിമർശനമുണ്ട്.

സംസ്ഥാനത്ത് 2023-24 വർഷം റവന്യൂ ചെലവ് കൂടിയെന്ന് സിഎജിയുടെ വാർഷിക ധനകാര്യ പരിശോധനാ റിപ്പോർട്ട്. 0.48 ശതമാനമാണ് റവന്യൂ ചെലവ് കൂടിയത്. അതേസമയം, മൂലധന ചെലവ് 2.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജിഎസ്‌ടി വരുമാനത്തിൽ 3.56 ശതമാനത്തിൻ്റെ വർധനവുണ്ടായിട്ടുണ്ട്. റവന്യൂ, മൂലധന ചിലവുകൾ അംഗീകരിച്ചതിലും അധികമാണെന്നും അത് ക്രമപ്പെടുത്തണമെന്നും സിഎജി റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.

SCROLL FOR NEXT