NEWSROOM

മറ്റൊരു തോൽവി തിരിച്ചടിയാകും; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഇങ്ങനെയാണ്

നിലവിലെ സ്ഥിതി ഫൈനൽ പ്രവേശനത്തിന് തിരിച്ചടി നൽകുമെന്ന ആശങ്കയിലാണ് ടീം മാനേജ്മെൻ്റ്. ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ആറ് ടെസ്റ്റ് മത്സരങ്ങളാണ് ശേഷിക്കുന്നത്

Author : ശരത് ലാൽ സി.എം


ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2-0ൻ്റെ ഞെട്ടിക്കുന്ന തോൽവി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടിയാകുന്നു. പരമ്പര തുടങ്ങുന്നതിന് മുമ്പ് 74 ശതമാനമായിരുന്നു ഇന്ത്യയുടെ വിജയനിരക്ക്. എന്നാൽ നിലവിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിൻ്റ് ശതമാനം (PCT) 62.82ലേക്ക് ഇടിഞ്ഞിട്ടുണ്ട്.

രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയേക്കാൾ (62.50%) നേരിയ മാർജിൻ്റെ മുൻതൂക്കത്തിൽ ഇന്ത്യ ഒന്നാമതുണ്ടെങ്കിലും, നിലവിലെ സ്ഥിതി ഫൈനൽ പ്രവേശനത്തിന് തിരിച്ചടി നൽകുമെന്ന ആശങ്കയിലാണ് ടീം മാനേജ്മെൻ്റ്. ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ആറ് ടെസ്റ്റ് മത്സരങ്ങളാണ് ശേഷിക്കുന്നത്.

ഇതിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റും, ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുന്നുണ്ട്. അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ രോഹിത്തിനും സംഘത്തിനും കൂടുതൽ മികവുറ്റ പ്രകടനം പുറത്തെടുക്കേണ്ടതായിട്ടുണ്ട്. നവംബർ 22 മുതൽ ജനുവരി ആദ്യ വാരം വരെയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര നടക്കുന്നത്.

ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരാണ് ഇന്ത്യക്ക് പുറമെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് മത്സരിക്കുന്ന മറ്റു ടീമുകൾ. മറ്റുള്ളവരെ ആശ്രയിക്കാതെ യോഗ്യത നേടണമെങ്കിൽ, ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ ഇന്ത്യക്ക് മറ്റൊരു തോൽവി കൂടി താങ്ങാനാവില്ല.

കൂടാതെ 71.05 എന്ന പോയിൻ്റ് നിലയിൽ സീസൺ പൂർത്തിയാക്കാൻ ഇന്ത്യക്ക് പരമാവധി ഒരു സമനിലയും അഞ്ച് ഗെയിമുകളിൽ ജയവും നേടേണ്ടതുണ്ട്. ഇനിയുള്ള ആറ് മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞാൽ രോഹിതിനും കൂട്ടർക്കും 74.56 വിജയശതമാനത്തിൽ പരമാവധി 170 പോയിൻ്റുകൾ വരെ നേടാനാകും. അതിനായി നിലവിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കളായ കംഗാരുപ്പടയ്ക്കെതിരെ ഇന്ത്യക്ക് 5-0 ന് അട്ടിമറി ജയം നേടേണ്ടതുണ്ട്. രണ്ട് വിജയങ്ങളും നാല് സമനിലയും നേടിയാൽ ഇന്ത്യയുടെ ചാംപ്യൻഷിപ്പിലെ വിജയനിരക്ക് 60 ശതമാനത്തിൽ താഴാതെ നിലനിർത്താം.

ന്യൂസിലൻഡിനോട് രണ്ട് ടെസ്റ്റുകൾ തോറ്റെങ്കിലും പോയിൻ്റ് പട്ടികയിൽ നിലവിൽ 98 പോയിൻ്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും, 90 പോയിൻ്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും തുടരുകയാണ്. ശ്രീലങ്ക 60, ന്യൂസിലൻഡ് 60, ദക്ഷിണാഫ്രിക്ക 40 എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. ശ്രീലങ്ക 55.56%, ന്യൂസിലൻഡ് 50%, ദക്ഷിണാഫ്രിക്ക 47.62% എന്നിങ്ങനെയാണ് വിജയനിരക്ക്.

SCROLL FOR NEXT