NEWSROOM

"വയനാട്ടിൽ വന്ന് കൃഷിപ്പണി ചെയ്തു ജീവിക്കാമോ, ഒരേക്കർ ഭൂമി തരാം"; മനേക ഗാന്ധിയെ വെല്ലുവിളിച്ച് സിപിഐ വയനാട് ജില്ലാ കമ്മിറ്റി

ബിജെപി നേതാവിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവാണ് മനേകാ ഗാന്ധിക്ക് കത്തയച്ചത്.

Author : ന്യൂസ് ഡെസ്ക്


വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ രംഗത്തുവന്ന മനേകാ ഗാന്ധിയെ വിമർശിച്ച് സിപിഐ വയനാട് ജില്ലാ കമ്മിറ്റി. ബിജെപി നേതാവിന് ഇവിടെ താമസിച്ച് കൃഷിപ്പണിയെടുത്ത് ജീവിക്കുവാൻ കഴിയുമോയെന്നും ഒരേക്കർ ഭൂമി സൗജന്യമായി നൽകാമെന്നും സിപിഐ നേതാവ് വെല്ലുവിളിച്ചു. ബിജെപി നേതാവിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവാണ് മനേകാ ഗാന്ധിക്ക് കത്തയച്ചത്.



വയനാട്ടിൽ വന്ന് താമസിക്കാൻ മനേകാ ഗാന്ധി തയ്യാറുണ്ടോയെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു കത്തിലൂടെ ചോദിച്ചു. "ഞങ്ങളിൽ ഒരാൾ ആകുവാൻ നിങ്ങൾക്ക് കഴിയുമോ. ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് കൃഷിപ്പണിയെടുത്ത് ജീവിക്കുവാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ വരൂ വയനാട്ടിലേക്ക്, ഞങ്ങൾ നിങ്ങൾക്ക് ഭൂമി തരാം. ഇവിടെ താമസിച്ച് കൃഷിയെടുത്ത് ജീവിക്കുവാൻ നിങ്ങൾക്ക് കഴിയുമോ? ഒരേക്കർ ഭൂമി നിങ്ങൾക്ക് സൗജന്യമായി നൽകാം," ഇ.ജെ. ബാബു കത്തിൽ കുറിച്ചു.



പഞ്ചാരക്കൊല്ലിയിൽ കടുവയെ വെടിവെച്ചു കൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും ആനയേയും കടുവയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടമെന്നും, ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങൾ ഉണ്ടെന്നും മനേകാ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിൽ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമലഘനമാണെന്നും മനേക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

"ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിടാൻ ആകില്ല. കേരളം പതിവുപോലെ നിയമം ലംഘിക്കുകയാണ്. കടുവയെ പിടികൂടാനാകും, എന്നാൽ കൊല്ലാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടം. ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങളുണ്ട്. കടുവ ദേശീയ സമ്പത്താണ്. മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഉണ്ടാകാൻ കാരണം വന്യമൃഗങ്ങളുടെ പ്രദേശങ്ങൾ നിങ്ങൾ കൈയ്യടക്കുന്നത് കൊണ്ടാണ്," എന്നാണ് മനേക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

SCROLL FOR NEXT