NEWSROOM

ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ

നിരോധനം നിലവില്‍ വരുന്നതോടെ, കാനഡയില്‍ ഫണ്ട് സ്വരൂപിക്കാനും സ്വന്തമായി ഭൂമിയും മറ്റ് ആസ്തികളും വികസിപ്പിക്കാനും സേനയ്ക്ക് സാധിക്കില്ല.

Author : ന്യൂസ് ഡെസ്ക്

ഇറാനിയന്‍ സായുധ സേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ. രാജ്യത്തെ ക്രിമിനല്‍ കോഡ് പ്രകാരമാണ് തീവ്രവാദ സംഘടനയായി കാനഡയുടെ പൊതു സുരക്ഷ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പ്രഖ്യാപിച്ചത്.

നിരോധനം ഏര്‍പ്പെടുത്തുന്നതോട് കൂടി കാനഡയില്‍ ഫണ്ട് സ്വരൂപിക്കുന്നതിനും സ്വന്തമായി ഭൂമിയും മറ്റ് ആസ്തികളും വികസിപ്പിക്കാനും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന് സാധിക്കില്ല. കോര്‍പ്സില്‍ സേവനം അനുഷ്ഠിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരിക്കും. ഇതോടെ ആയിരക്കണക്കിന് ഇറാനിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാനഡയില്‍ പ്രവേശനം നിഷേധിക്കപ്പെടും. നിലവില്‍ കാനഡയില്‍ താമസിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ച ശേഷം പുറത്താക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

'ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എന്ന ഇറാന്റെ തീവ്രവാദ സംഘടനയെ ചെറുക്കാന്‍ കാനഡ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ നീക്കത്തിലൂടെ നല്‍കുന്നത്', ലെബ്ലാങ്ക് പറഞ്ഞു.

വര്‍ഷങ്ങളായി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ ഗാര്‍ഡ് കോര്‍പ്സിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്. 2023ല്‍ അന്നത്തെ നീതി വകുപ്പ് മന്ത്രി ഡേവിഡ് ലാമെറ്റി ഇറാനില്‍ സൈനിക സേവനം നിര്‍ബന്ധമാണെന്നും അതുകൊണ്ട് തന്നെ ഗാര്‍ഡ് കോര്‍പ്സിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചാല്‍ അത് നിരപരാധികളായ സാധാരണക്കാരെയായിരിക്കും ബാധിക്കുകയെന്ന് പറഞ്ഞിരുന്നു.

മധ്യേഷ്യയിലും ലോകമെമ്പാടുമുള്ള ഇറാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള വ്യക്തമായ സന്ദേശമാണിതെന്നാണ് കാനഡയിലെ ഇസ്രയേല്‍ അംബാസിഡര്‍ ഇദോ മൊയീദ് തന്റെ പ്രസ്താവനയിലൂടെ അറിയിച്ചത്.

SCROLL FOR NEXT