NEWSROOM

മധ്യപ്രദേശ് ഗവൺമെൻ്റ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ 100ൽ 101 മാർക്ക് നേടി ഉദ്യോഗാർഥി; കൃത്രിമത്വം നടന്നെന്ന് ആരോപണം

'നോർമലൈസേഷൻ പ്രക്രിയ' സ്വീകരിച്ചതിനാലാണ് പരീക്ഷാ ഫലത്തിൽ ഇത്തരം മാറ്റങ്ങളെന്നും , അത് നിയമാനുസൃതമാണെന്നുമാണ് പരീക്ഷാ ബോർഡിൻ്റെ പക്ഷം

Author : ന്യൂസ് ഡെസ്ക്


മധ്യപ്രദേശ് ഗവൺമെൻ്റ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ കൃത്രിമത്വം നടന്നെന്ന് ആരോപണം. 2023ലെ വാൻ ആൻ്റ് ജയിൽ റിക്രൂട്ട്മെൻ്റ് പരീക്ഷയിൽ ഉദ്യോഗാർഥി 100ൽ 101.66 മാർക്ക് നേടിയതോടെയാണ് ആരോപണവുമായി പരീക്ഷാർഥികൾ രംഗത്തെത്തിയത്. പരീക്ഷാ നടത്തിപ്പിൽ  നീതിയുക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോറിൽ നിരവധി ഉദ്യോഗാർഥികളെത്തി പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ 'നോർമലൈസേഷൻ പ്രക്രിയ' സ്വീകരിച്ചതിനാലാണ് പരീക്ഷാ ഫലത്തിൽ ഇത്തരം മാറ്റങ്ങളെന്നും, അത് നിയമാനുസൃതമാണെന്നുമാണ് പരീക്ഷാ ബോർഡിൻ്റെ പക്ഷം.

2023ൽ ഫോറസ്റ്റ് ഗാർഡ്, ഫീൽഡ് ഗാർഡ് (എക്‌സിക്യൂട്ടീവ്), ജയിൽ ഗാർഡ് (എക്‌സിക്യൂട്ടീവ്) തുടങ്ങിയ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. പരീക്ഷാ ഫലത്തിൽ ഒരു ഉദ്യോഗാർഥി മുഴുവൻ മാർക്കിലുമധികം നേടിയതോടെ വിഷയം വഷളായി. എന്നാൽ പരീക്ഷയിലെ ചോദ്യങ്ങളുടെ കാഠിന്യമനുസരിച്ച്, എല്ലാ ഉദ്യോഗാർഥികൾക്കും നീതി ഉറപ്പാക്കാനായി നൽകുന്ന നോർമലൈസേഷൻ മാർക്ക് ലഭിച്ചതോടെയാണ് നൂറിൽ നൂറ്റൊന്ന് മാർക്ക് ലഭിച്ചതെന്നാണ് പരീക്ഷാ ബോർഡ് നൽകുന്ന വിശദീകരണം. ഈ രീതിയിൽ മാർക്ക് നൽകുമ്പോൾ, ചിലർക്ക് മുഴുവൻ മാർക്കിന് മുകളിൽ ലഭിക്കുമെന്നും, ചില സന്ദർഭങ്ങളിൽ ഉദ്യോഗാർഥികൾക്ക് പൂജ്യത്തിന് താഴെ മാർക്ക് ലഭിക്കുമെന്നും പരീക്ഷാ ബോർഡ് വ്യക്തമാക്കി.


എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ഇൻഡോറിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരീക്ഷയിൽ ക്രമക്കേട് നടന്നെന്നാണ് ഉദ്യോഗാർഥികളുടെയും ആരോപണം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ, നോർമലൈസേഷൻ പ്രക്രിയ കാരണം ഒരു ഉദ്യോഗാർഥി മുഴുവൻ മാർക്കിനും മുകളിൽ നേടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഗോപാൽ പ്രജാപത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിന് ഉദ്യോഗാർഥികൾ നിവേദനം നൽകിയിട്ടുണ്ട്.

SCROLL FOR NEXT