NEWSROOM

കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: കോളേജിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു

കമ്പ്യൂട്ടർ എൻജിനീയറിംഗ് എച്ച്ഒഡിയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം

Author : ന്യൂസ് ഡെസ്ക്

കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ കോളേജിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കമ്പ്യൂട്ടർ എൻജിനീയറിംഗ് എച്ച്ഒഡിയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം. ഇതിന്റെ ഭാഗമായി അധ്യാപക സമിതി വിദ്യാർഥികളുടെ മൊഴിയെടുത്തു. സമിതി കൂടുതൽ വിദ്യാർഥികളിൽ നിന്ന് വിവരം തേടും. കഞ്ചാവ് ഇടപാടിൽ പങ്കില്ലെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന മൂന്നാം വർഷ വിദ്യാർഥി അഭിരാജ്.

പോളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയത് എറണാകുളത്തെ വൻ ലഹരി സംഘമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പിടിയിലായ അഹെന്തോ മണ്ഡൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ ആണെന്നാണ് കണ്ടെത്തിയത്. ഹോസ്റ്റൽ വിദ്യാർഥികളുമായി ഇടപാട് തുടങ്ങിയിട്ട് ഏഴ് മാസമായെന്നും ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു.

എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വിൽപന നടത്തിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. കേസിൽ നേരത്തെ പിടിയിലായ ഷാലിഖിനാണ് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.


മാർച്ച് 13നായിരുന്നു രഹസ്യവിവരത്തെ തുടർന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം വരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ , കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.ഇതിൽ അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്‌ജീവ് പുറത്തുവിട്ടിരുന്നു. തന്നെ മനഃപൂർവം കുടുക്കിയതാണെന്നും, ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിരാജ് പറഞ്ഞത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT